മദ്യലഹരിയിൽ തർക്കം..... യുവാവ് കുത്തേറ്ര് മരിച്ചു സുഹൃത്ത് പിടിയിൽ
പാലാ: വീടു നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ തെക്കേക്കരയിലുണ്ടായ ആക്രമണത്തിൽ ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസാണ് (29) മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ആലപ്പുഴ സ്വദേശി വിനീഷിനെ (27) പാലാ പൊലീസ് അറസ്റ്റു ചെയ്തു.തെക്കേക്കരയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ ലെയ്ത്ത് വർക്കിനായി എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും വിനീഷും. വ്യാഴാഴ്ച രാത്രി 9 മണിയോടെ വീടിന്റെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട സത്കാരത്തിന് ശേഷമാണ് വാക്കുതർക്കമുണ്ടായത്.
അതിനിടെ വിനീഷ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ബിബിനെ കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ബിബിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൈയാങ്കളിയിൽ വിനീഷിനും പരിക്കേറ്റിരുന്നു. ബിബിൻ മരിച്ചതറിയാതെ വിനീഷ് ചികിത്സ തേടി പാലാ ജനറൽ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും പാലാ മുരിക്കുംപുഴ ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. വിനീഷിന് മറ്റ് സ്ത്രീകളുമായി രഹസ്യ ബന്ധങ്ങളുണ്ടെന്ന് വിനീഷിന്റെ കാമുകിയോട് ബിബിൻ പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.