പാകിസ്ഥാനിൽ ഇനി മഹാഭാരതവും ഭഗവത്ഗീതയും പഠിപ്പിക്കും; ചരിത്രതീരുമാനവുമായി ലാഹോർ സർവ്വകലാശാല

Saturday 13 December 2025 1:02 PM IST

ഇസ്ലാമാബാദ്: രാജ്യത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി സംസ്‌കൃതം പാഠിക്കാനൊരുങ്ങി പാകിസ്ഥാൻ. സംസ്‌കൃത ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സുകൾ ആരംഭിച്ചിരിക്കുകയാണ് ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക താൽപര്യ പ്രകാരമാണ് പാഠ്യവിഷയത്തിൽ സംസ്‌കൃതം ഉൾപ്പെടുത്തിയത്. കോഴ്‌സിന്റെ ഭാഗമായി മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ 'ഹെ കഥ സാംഗ്രാം കി' യുടെ ഉർദു പതിപ്പും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ലാഹോർ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വിശാലമായ സംസ്‌കൃത ഗ്രന്ഥ ശേഖരങ്ങളുണ്ടെന്ന് ഗുർമെനി സെന്റർ ഡയറക്‌ടർ ഡോ അലി ഉസ്‌മാൻ ഖാസ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു.

' മഹാഭാരതവും ഭഗവത്ഗീതയും ഉൾപ്പെടുത്തി ആരംഭിക്കാനിരിക്കുന്ന കോഴ്‌സുകളിലൂടെ സർവ്വകലാശാല വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. 15 വർഷത്തിനുള്ളിൽ ഗീതയിലും മഹാഭാരതത്തിലും അറിവുള്ളവരെ പാകിസ്ഥാനിലും കാണാൻ കഴിയും'- അദ്ദേഹം പറഞ്ഞു. 1930 കളിൽ പണ്ഡിതനായ ജെ സി ആർ വൂൾനർ പട്ടികപ്പെടുത്തിയ സംസ്‌കൃത കൈയ്യെഴുത്തു പ്രതികളുടെ വലിയ ശേഖരം ഇന്ത്യ-പാക് വിഭജനത്തിന് ശേഷം വിദ്യാർത്ഥികളിലാരും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വിദേശ ഗവേഷകർ മാത്രമാണ് അത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോർമാൻ ക്രിസ്‌ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസർ ഡോ ഷാഹിദ് റഷീദിന്റെ ശ്രമങ്ങളിലൂടെയാണ് ഈ മാറ്റം സാദ്ധ്യമായത്. 'മനുഷ്യരാശിക്കായുള്ള നിരവധി അറിവുകൾ ക്ലാസിക്കൽ ഭാഷകളിൽ അടങ്ങിയിട്ടുണ്ട്. ഞാൻ അറബിയും പേർഷ്യനും പഠിച്ചുകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് സംസ്കൃതം പഠിച്ചു'- ഡോ. റഷീദ് പറഞ്ഞു. കേംബ്രിഡ്ജ് സംസ്കൃത പണ്ഡിതനായ അന്റോണിയ റുപ്പലിന്റെയും ഓസ്‌ട്രേലിയൻ ഇൻഡോളജിസ്റ്റ് മക്കോമസ് ടെയ്‌ലറുടെയും കീഴിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പഠനത്തെയാണ് താൻ ആശ്രയിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.