ചോക്ളേറ്റ് വില്ലൻ; അഖണ്ഡ 2 എന്ന തെലുങ്ക് സിനിമയിൽ തിളങ്ങി റോൺസൻ വിൻസന്റ്

Sunday 14 December 2025 6:00 AM IST

അഖണ്ഡ 2 എന്ന തെലുങ്ക് സിനിമയിൽ സൂപ്പർ വില്ലനായി തിളങ്ങി റോൺസൻ വിൻസന്റ്

തെലുങ്ക് സിനിമയിൽ താരരാജാക്കന്മാരുടെ വില്ലനായി തിളങ്ങി മലയാളി താരം റോൺസൻ വിൻസന്റ്. നന്ദമൂരി ബാലകൃഷ്ണ നായകനായ അഖണ്ഡ 2 : താണ്ഡവം സിനിമയിൽ എത്തി റോൺസന്റെ വില്ലത്തരം. ഗോപിചന്ദിന്റെ വില്ലനായി രാമബാനം കഴിഞ്ഞാണ് അഖണ്ഡ 2. . റിബൽ സ്റ്റാർ പ്രഭാസിന്റെ ദ രാജാസാബിൽ ആണ് അടുത്ത വില്ലൻ വേഷം. മലയാളത്തിലെ ആദ്യ കാല നടൻ റോണി വിൻസന്റിന്റെ മകനായ റോൺസൻ,​ ബിഗ് ബോസിലൂടെയും സീരിയലുകളിലൂടെയും മുൻപേ പരിചിതൻ ആണ് . തെലുങ്ക് സിനിമയിൽ വില്ലൻ വേഷത്തിന്റെ 'ബ്രാൻഡ് അംബാസഡർ " ആയി മാറി വിജയയാത്ര നടത്തുന്ന റോൺസൻ വിൻസന്റ് സംസാരിച്ചു.

ഇപ്പോൾ സ്വപ്ന നിമിഷം

അഖണ്ഡ സിനിമയും കഥാപാത്രവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . ജീവിതത്തിൽ ആദ്യമായാണ് ലൊക്കേഷനിൽ നിന്ന് വീട്ടിലേക്ക് പോകാൻ മടിക്കുന്നത്. 2010ൽ മനസാര എന്ന ആദ്യ തെലുങ്ക് സിനിമയിലെ അഭിനയിത്തിന് മികച്ച വില്ലൻ നടനുള്ള പുരസ്കാരം നന്ദമൂരി ബാലകൃഷ്ണ ഗാരു ആണ് സമ്മാനിച്ചത്. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം അഖണ്ഡയുടെ ലൊക്കേഷനിൽ കാണിച്ചപ്പോൾ അ ദ്അദേഹം അദ്ഭുതപ്പെട്ടു. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായകൻ ബോയപതി ശ്രീനു കരുതൽ തന്നു കൂടെ നിന്നു. നന്ദമൂരി ബാലകൃഷ്ണയുടെ 'താണ്ഡവം' തന്നെയാണ് അഖണ്ഡ 2. വരാൻ പോകുന്ന എല്ലാം സിനിമയിലും എന്റെ വില്ലൻ കഥാപാത്രങ്ങൾ മരിക്കുന്നു. മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ വിളി വരുന്നുണ്ട്. ഇനി,​ വില്ലൻ വേഷത്തിൽ നിന്ന് മാറ്റം ആഗ്രഹിക്കുന്നില്ല.

ആ നിമിഷം,​ ആ തീരുമാനം

നായക വേഷത്തിൽ ആണ് അച്ഛൻ സിനിമയിൽ അഭിനയിച്ചത്. അച്ഛന്റെ സുഹൃത്തുക്കളും കൂടെ പഠിച്ചവരും എന്നെ കാണുമ്പോൾ എപ്പോഴും പറയാറുണ്ട് അച്ഛന്റെ സൗന്ദര്യം മകന് കിട്ടിയിട്ടില്ലെന്ന്.അന്ന് തീരുമാനിച്ചതാണ് നായകനാകാൻ കഴിഞ്ഞില്ലെങ്കിൽ വില്ലനാകണമെന്ന്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രതിനായക നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ ഇനി വില്ലൻ വേഷം മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചു. എന്നാൽ പിന്നീട് വന്ന രണ്ടു ചിത്രങ്ങളിൽ നായക തുല്യ വേഷം ആയിരുന്നു. മലയാളികൾക്ക് തെലുങ്ക് സിനിമയെക്കുറിച്ചറിയാത്ത കാലത്തായിരുന്നു എന്റെ ചുവടുവയ്പ്. അതുകൊണ്ടുതന്നെ തെലുങ്കിൽ വില്ലനായി അഭിനയിച്ച അന്നത്തെ എന്റെ സൂപ്പർ ഹിറ്റ് സിനിമകളൊന്നും മലയാളികൾ ആരും അറിഞ്ഞില്ല.അന്ന് തെലുങ്ക് സിനിമകൾ പാൻ ഇന്ത്യൻ റിലീസ് അല്ലായിരുന്നു. വില്ലൻ വേഷം മാത്രം തിരഞ്ഞെടുക്കുന്നതിനാൽ വർഷത്തിൽ ഒരു സിനിമയെ ചെയ്യാൻ കഴിയൂ. രാജാസാബിന്റെ ഷൂട്ട് തീരാൻ രണ്ടര വർഷം വേണ്ടി വന്നു.

പി.ആർ താത്പര്യമില്ല

കേരളത്തിൽ പി.ആർ വർക്ക് ചെയ്തു മാത്രമേ മുൻപോട്ട് പോകാൻ സാധിക്കൂ . അതിനോട് ഞാൻ യോജിക്കുന്നില്ല. ഇവിടെ എത്ര വലിയ സൂപ്പർസ്റ്റാറായാലും ഒരു സിനിമ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ ആ നടനെ പൊങ്കാലയിടും.പക്ഷേ തെലുങ്കിൽ അതുപോലെയല്ല . അവിടെ നടന്മാർക്ക് കിട്ടുന്ന ബഹുമാനവും അംഗീകാരവും ദൈവീകമാണ്. ജയ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്നത് പി.ആർ വർക്ക് ചെയ്തല്ല. തെലുങ്ക് സിനിമയിൽ നിന്നും അവിടത്തെ പ്രേക്ഷകരിൽനിന്നും ലഭിക്കുന്ന ബഹുമാനം ഒരിക്കലും മലയാളത്തിൽ ലഭിക്കില്ല . അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മലയാളി താരങ്ങൾ കേര രളം വിട്ട് അഭിനയിക്കാൻ പോയാൽ തിരിച്ചു വരാത്തത്.