'കോട്ട'യം തിരിച്ചു പിടിച്ച് യു.ഡി.എഫ് പടയോട്ടം... 'കൈ' യേറ്റം
കോട്ടയം : ഇടതുകോട്ടകളിൽ പോലും കടന്നുകയറിയുള്ള യു.ഡി.എഫിന്റെ സർജിക്കൽ സ്ട്രൈക്കിൽ അമ്പരന്ന് എൽ.ഡി.എഫ്. 2020ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ച എൽ.ഡി.എഫിന് ഇത്തവണത്തെ കനത്തപരാജയം വൻആഘാതമായി. ജില്ലാ പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലടക്കം യു.ഡി.എഫ് തരംഗം ആഞ്ഞുവീശി. കഴിഞ്ഞതവണ കേരളകോൺഗ്രസ് എമ്മിന്റെ ചിറകിലേറിയായിരുന്നു എൽ.ഡി.എഫ് വിജയം പിടിച്ചെടുത്തത്. ഇത്തവണ മാണിഗ്രൂപ്പ് സ്വാധീനം ഏശിയില്ലെന്ന് മാത്രമല്ല, ജോസ് കെ മാണിയുടെ തട്ടകത്തിൽപ്പോലും തിരിച്ചടി നേരിട്ടു. കടുത്തുരുത്തി, കുറവിലങ്ങാട് ഡിവിഷനുകൾ തിരിച്ചുപിടിക്കാനായത് യു.ഡി.എഫിന് മേൽക്കൈയായി. മാണിഗ്രൂപ്പിന് ശക്തമായ വേരോട്ടമുള്ള കടുത്തുരുത്തിയിൽ കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി ആൻമരിയ നേടിയ മികച്ച വിജയം ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു.
ഉറച്ച സീറ്റുകൾ പോലും സി.പി.എമ്മിനും കേരള കോൺഗ്രസ് എമ്മിനും നഷ്ടമായപ്പോൾ കോൺഗ്രസിനൊപ്പം കേരള കോൺഗ്രസ് ജോസഫിനും നേട്ടം കൊയ്യാനായി. തദ്ദേശ തിഞ്ഞെടുപ്പോടെ രണ്ടില കൊഴിയുമെന്ന് പി.ജെ ജോസഫ് പരിഹസിച്ചപ്പോൾ ഓട്ടോറിക്ഷ മറിയുമെന്നായിരുന്നു മാണി ഗ്രൂപ്പിന്റെ ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടി. പാർട്ടി കോട്ടയെന്ന് അറിയപ്പെടുന്ന കുമരകത്ത് നിന്ന് കോൺഗ്രസിലെ പി.കെ.വൈശാഖ് ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചുകയറിയത് വരുംദിവസങ്ങളിൽ സി.പി.എമ്മിനുള്ളിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കും. പാർട്ടിവോട്ടുകളടക്കം ചോർന്നെന്ന സംശയം ഇതിനോടകം ബലപ്പെട്ടു.
പടിഞ്ഞാറ് കാറ്റ് മാറിവീശി
കുമരകം കവണാറ്റിൻകര ബ്ലോക്ക് വാർഡുകളും കോൺഗ്രസ് പിടിച്ചെടുത്തതിന് പുറമേ സി.പി.എമ്മിന് അയ്മനം പഞ്ചായത്തു ഭരണവും നഷ്ടപ്പെട്ടു. ഇവിടെ 21ൽ ഒമ്പത് സീറ്റോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ജില്ലയിൽ ജോസഫ് ഗ്രൂപ്പ് ഒന്നുമല്ലെന്ന പരിഹസിച്ചിടത്ത് മാണിഗ്രൂപ്പിനൊപ്പം നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ നേടാനായി. നാലുപതിറ്റാണ്ടായി കേരളകോൺഗ്രസ് (എം) കൈവെള്ളയിൽ സൂക്ഷിച്ചിരുന്ന പാലാ നഗരസഭ ഇടതുമുന്നണിയ്ക്ക് നഷ്ടമായത് വരും ദിവസങ്ങളിൽ ചർച്ചയാകും. ഒപ്പം ഏറെ വേരോട്ടമുള്ള കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളും നഷ്ടമായത് ക്ഷീണമായി. 2020 ലെ വിജയം ആവർത്തിക്കുന്നതിന് പുറമേ കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസമായിരുന്നു എൽ.ഡി.എഫ് നേതാക്കൾക്ക്.
ചർച്ചയായി ശബരിമല സ്വർണ്ണക്കൊള്ള
ശബരിമല സ്വർണക്കൊള്ള വിഷയമടക്കം വോട്ടർമാരെ സ്വാധീനിച്ചെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പീഡന വിവാദം ഏറ്റതുമില്ല. സിൽവർലൈനും , വന്യജീവി ആക്രമണവും എൽ.ഡി.എഫിന്റെ വോട്ടുബാങ്കിൽ വിള്ളൽവീഴ്ത്തി.
നഗരസഭകൾ മുഴുവൻ കൈവിട്ടു
ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് ഏഴ് സീറ്റിലേക്ക് നിലം പൊത്തി
71 ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫിന് ജയിക്കാനായത് 25 ഇടത്ത്
ആറ് നഗരസഭകളിലും യു.ഡി.എഫിന്റെ തേരോട്ടം
11 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്ത് യു.ഡി.എഫ്, എൽ.ഡി.എഫ് : 2
കേരള കോൺഗ്രസ് എമ്മിന് സ്വാധീനമേഖലകളിൽപ്പോലും തിരിച്ചടി
കടുത്തുരുത്തിയിലും, കുമരകത്തും, വെള്ളൂരിലും അടിപതറി ഇടത്