മരുതൂരിൽ വിജയിച്ചതും തോറ്റതും മരുതൂർ വിജയൻ
തിരുവനന്തപുരം: കരകുളം പഞ്ചായത്തിൽ മരുതൂർ വാർഡിൽ ഇത്തവണ വിജയിച്ചതും തോറ്റതും ഒരേ പേരുള്ള രണ്ട് സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരും മരുതൂർ വിജയൻ എന്നായതാണ് കൗതുകമായത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി മരുതൂർ വിജയൻ വിജയിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി മരുതൂർ വിജയൻ പരാജയപ്പെട്ടു.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് ജയിച്ച മരുതൂർ വിജയൻ.വിജയൻ.എസ് എന്ന പേരിലാണ് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മരുതൂർ വിജയൻ ടി.വിജയൻ എന്ന പേരിലാണ് മത്സരിച്ചത്. ഐ.എൻ.ടി.യു.സി പ്രവർത്തകനും മികച്ച സംഘാടകനുമാണ്.എസ്.വിജയൻ 493 വോട്ടുകൾ നേടിയപ്പോൾ ടി.വിജയൻ 437 വോട്ടുകൾ നേടി. ബി.ജെ.പിയിലെ വിശാഖ് 357 വോട്ടുകളും നേടി.
മരുതൂരിലെ സിറ്റിംഗ് സീറ്റ് നിലനിറുത്തുന്നതിനായാണ് മരുതൂർ വിജയനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്.കരകുളം പഞ്ചായത്തിൽ 15 സീറ്റും നേടി എൽ.ഡി.എഫ് ഭരണം നിലനിറുത്തുകയും ചെയ്തു. 8 സീറ്റുകൾ യു.ഡി.എഫും 1 സീറ്റ് എൽ.ഡി.എഫ് സ്വതന്ത്രനും നേടി.സി.പി.എമ്മിലെ മുതിർന്ന നേതാവായ എസ്.വിജയൻ എന്ന മരുതൂർ വിജയനെ പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നാണ് സൂചന.