പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സ്ഥാനാത്ഥിക്ക് ജയം
കണ്ണൂർ:പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം സ്ഥാനാർത്ഥി വി.കെ.നിഷാദ് പയ്യന്നൂർ നഗരസഭ 46ാം വാർഡ് മൊട്ടമ്മലിൽ നിന്നും വിജയിച്ചു. നിലവിൽ പയ്യന്നൂർ കാറമേൽ വെസ്റ്റ് വാർഡിലെ കൗൺസിലറായ നിഷാദിന് വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
പത്രിക സമർപ്പിച്ച സമയത്ത് ശിക്ഷാവിധി ഉണ്ടായിരുന്നില്ലാത്തതിനാൽ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടായിരുന്നില്ല.നിഷാദ് ജയിലിൽ കഴിയുന്നതിനാൽ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. നിഷാദിന് 536 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥിയായ കെ.എസ്.യു നേതാവ് അർജ്ജുന് 195 വോട്ടുകൾ മാത്രമാണ് നേടാനായത്.
2012 ആഗസ്റ്റ് ഒന്നിനാണ് അരിയിൽ ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി.ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ പൊലീസിനുനേരെ ബോംബേറ് നടന്നത് വി.കെ.നിഷാദ് 2009 മുതൽ 2016 വരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 16 കേസുകളിൽ പ്രതിയാണ്. പൊതുമുതൽ നശിപ്പിക്കൽ, സ്‌ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇതിലടങ്ങുന്നത്.കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്.