പാനൂരിൽ യു.ഡി.എഫ്- എൽ.ഡി.എഫ് സംഘർഷം വീടിന് നേരെ ബോംബേറ്, വാഹനങ്ങൾ നശിപ്പിച്ചു

Saturday 13 December 2025 11:38 PM IST

പാനൂർ: പാനൂരിനടുത്ത് പാറാട്, ടൗണിൽ ആഹ്ലാദപ്രകടനത്തിനിടെ യു.ഡി.എഫ് എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സി.പി.എം പ്രവർത്തകനായ ശരത്ത് കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറയുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. ഇതോടെ എൽ.ഡി.എഫ് പ്രവർത്തകരും സംഘടിച്ചെത്തി സംഘർഷാവസ്ഥയായി. ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി.

കല്ലേറിൽ പൊലീസ് ബസിന്റെ ചില്ലുതകർന്നു. പാറാടെ ആച്ചാന്റവിട അഷ്രഫിന്റെ വീടിന് നേരെ ബോംബേറുണ്ടായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും, സ്‌കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറാട്ടെ ലീഗ് ഓഫീസിന് നേരെയും അക്രമമുണ്ടായി. കൂടുതൽ പൊലീസ്' സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ്' സംഘർഷത്തിനയവുവന്നത്. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.