കണ്ണമ്മൂലയിൽ സ്വതന്ത്ര വിജയം; രാധാകൃഷ്ണന് നിർണ്ണായക റോൾ
തിരുവനന്തപുരം: നഗരസഭയിലെ കണ്ണമ്മൂല വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ നേടിയത് തിളക്കമേറിയ വിജയം.നഗരസഭയുടെ ഭരണത്തിൽ നിർണ്ണായക റോൾ എടുക്കാൻ കഴിയുന്ന വിധത്തിലാണ് രാധാകൃഷ്ണന്റെ വിജയം. മൂന്നു മുന്നണി സ്ഥാനാർത്ഥികളെ മാത്രമല്ല, രാധാകൃഷ്ണന് നേരിടാനുണ്ടായിരുന്നത്, നാല് അപരന്മാരെ കൂടിയായിരുന്നു. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കായി ഇത്രയും അപരന്മാർ വാരിക്കുഴികളുമായി എത്തിയത് നഗരസഭയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.
362 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്റെ വിജയം.രാധാകൃഷ്ണന് 1215 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി എൽ.ഡി.എഫിലെ ആർ.സതീഷ്‌കുമാറിന് ലഭിച്ചത് 853 വോട്ട്.നാല് അപരന്മാർക്കും കൂടി ആകെ ലഭിച്ചത് 66 വോട്ട്. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി കൂടിയാണ് രാധാകൃഷ്ണൻ.
എം.രാധാകൃഷ്ണൻ എന്ന പേരിൽ പോസ്റ്ററുകൾ പതിച്ച് രീതിയിൽ പ്രചാരണം തുടങ്ങിയപ്പോഴാണ് നാല് അപരന്മാർ രംഗത്ത് എത്തിയത്.അതോടെ പേര് പാറ്റൂർ രാധാകൃഷ്ണൻ എന്നാക്കുകയായിരുന്നു. മൊബൈൽ ഫോൺ ചിഹ്നത്തിലാണ് വോട്ടുതേടിയത്. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ രാധാകൃഷ്ണൻ സി.പി.എം പ്രവർത്തകനുമായിരുന്നു.
ഓഫറുകളുണ്ട്; നീക്കം കരുതലോടെ
101 വാർഡുകളുള്ള തിരുവനന്തപുരം നഗരസഭയിൽ എൻ.ഡി.എ 50 സീറ്റു നേടിയെങ്കിലും വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടില്ല. ഒരു പൊതു മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി യു.ഡി.എഫും എൽ.ഡി.എഫും ഒന്നിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് അണിയറയിൽ ചർച്ച നടക്കുന്നുണ്ട്. രാധാകൃഷ്ണനെയും പൗണ്ട് കടവിൽ വിജയിച്ച സുധീഷ്‌കുമാറിനെയും മുന്നിൽ കണ്ടാണ് ചർച്ച നടക്കുന്നത്. അതേസമയം ബി.ജെ.പി നേതൃത്വവും രണ്ടു പേരുമായി ചർച്ച നടത്തി.സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഇവരെ പരിഗണിക്കാമെന്നാണ് വാഗ്ദാനം. വിഴിഞ്ഞം വാർഡിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.അവിടെ ഫലം മറിച്ചായാലും സ്വതന്ത്രന്മാർ ഒപ്പം ഉണ്ടെങ്കിൽ ടെൻഷനടിക്കേണ്ടി വരില്ലെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. വാർഡിലെ വോട്ടർമാരുടെ താല്പര്യമനുസരിച്ചായിരിക്കും ഏതു തീരുമാനവും' എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.