ജില്ലാപഞ്ചായത്ത് നിലനിറുത്തി ഇടതുമുന്നണി

Sunday 14 December 2025 12:51 AM IST

തിരുവനന്തപുരം: അവസാനനിമിഷംവരെ ഉദ്വോഗം നിറഞ്ഞ പോരാട്ടത്തിൽ മൂന്ന് സീറ്രിന്റെ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്ത് ഭരണം ഇടതുമുന്നണി നിലനിറുത്തി. 28 അംഗ ജില്ലാ പഞ്ചായത്തിൽ 15 സീറ്റാണ് ഇടതുമുന്നണിക്ക് നേടാനായത്.യു.ഡി.എഫിന് 13 സീറ്റുണ്ട്.കഴിഞ്ഞതവണ 26 ഡിവിഷനുകൾ ഉണ്ടായിരുന്നപ്പോൾ ഇടതുപക്ഷത്തിന് 21 സീറ്റ് ലഭിച്ചിരുന്നു. അഞ്ച് സീറ്റുകൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫാണ് ഇത്തവണ 8 സീറ്റുകൾ അധികം നേടിയത്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വെങ്ങാനൂർ ഡിവിഷനിൽ ബി.ജെ.പി മുന്നിലെത്തിയെങ്കിലും പിന്നീട് പിറകിലായി.ഇവിടെ കോൺഗ്രസിലെ ആഗ്നസ് റാണി വിജയിച്ചു. ആർ.ജെ.ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോത്തൻകോട് ഡിവിഷനിൽ യു.ഡി.എഫ് അവതരിപ്പിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അമയ പ്രസാദിന് മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പി ഇവിടെയും രണ്ടാം സ്ഥാനത്തെത്തി.

ഇടതു മുന്നണിയിൽ 21 സീറ്റിൽ മത്സരിച്ച സി.പി.എം 13 സീറ്റിലും നാലു സീറ്റിൽ മത്സരിച്ച സി.പി.ഐ രണ്ടു സീറ്റിലും വിജയം നേടി. 26 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 12 സീറ്റും മുസ്ലിം ലീഗിന് ഒരു സീറ്റും ലഭിച്ചു.

പ്രസിഡന്റ് പദവി വനിതാ സംവരണമായതിനാൽ സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ, ബാലരാമപുരം ഡിവിഷനിൽ പരാജയപ്പെട്ടു. 8142 വോട്ടുകൾക്കാണ് യു.ഡി.എഫിനോട് തോറ്റത്.

കഴിഞ്ഞതവണ കോൺഗ്രസ് വിജയിച്ച പാലോട്,വെള്ളറട എന്നീ ഡിവിഷനുകൾ ഇക്കുറി എൽ.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം എൽ.ഡി.എഫിനുണ്ടായിരുന്ന കല്ലറ,ആര്യനാട്,പൂവച്ചൽ,മര്യാപുരം, വെങ്ങാനൂർ,കണിയാപുരം,മുരുക്കുംപുഴ,കിഴുവിലം,മണമ്പൂർ എന്നീ ഡിവിഷനുകൾ കോൺഗ്രസ് നേടി. വാർഡ് വിഭജനത്തിൽ പുതുതായി രൂപംകൊണ്ട ഒറ്റശേഖരമംഗലം വാർഡ് യു.ഡി.എഫും കല്ലമ്പലം വാർഡ് എൽ.ഡി.എഫും നേടി.

ഘടകകക്ഷികൾക്ക് പരാജയം

എൽ.ഡി.എഫിലെ ഘടകകക്ഷികളായ ആർ.ജെ.ഡി, കേരള കോൺഗ്രസ്- മാണി , ജെ.ഡി.എസ് എന്നീ പാർട്ടികൾക്കും യു.ഡി.എഫിലെ ഘടകകക്ഷിയായ ആർ.എസ്.പിക്കും വിജയം നേടാനായില്ല. ഓരോ സീറ്രിലാണ് മത്സരിച്ചത്. എന്നാൽ യു.ഡി.എഫിലെ മറ്രൊരു ഘടക കക്ഷിയായ മുസ്ലിം ലീഗ് കണിയാപുരം ഡിവിഷനിൽ വിജയിച്ചു.

സി.പി.ഐക്ക് നാലിൽ രണ്ടു സീറ്റ് നഷ്ടം

കഴിഞ്ഞ തവണ നാല് സീറ്റിലും വിജയിച്ച സി.പി.ഐ ഇക്കുറി രണ്ടു സീറ്റിൽ പരാജയപ്പെട്ടു.തുർച്ചയായി രണ്ടാം തവണയും സിറ്റിംഗ് സീറ്റായ പൂവച്ചൽ ഡിവിഷനിൽ മത്സരിച്ച അഡ്വ. രാധിക,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനോടാണ് പരാജയപ്പെട്ടത്. ജോയിന്റ് കൗൺസിൽ സംസ്ഥാന നേതാവായിരുന്ന പുലിപ്പാറ സന്തോഷ് സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ കല്ലറയിലാണ് തോറ്റത്. ഡി.സി.സി വൈസ് പ്രസിഡന്റ് സുധീർഷാ പാലോടിനോട് 5683 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഏഴാംതവണ അൻസജിതാ റസലിന് പരാജയം

വെള്ളറട ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അൻസജിതാറസലിന് പരാജയം. സി.പി.എമ്മിലെ ആതിര ഗ്രേസിനോട് 4397 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞതവണ ഇവിടെ നിന്നും 8007 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അൻസജിതാ റസൽ വിജയിച്ചിരുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഏഴാം തവണത്തെ മത്സരമായിരുന്നു അൻസജിതയുടേത്. നാലുതവണ വെള്ളറട ഡിവിഷനിൽ നിന്നും രണ്ടുതവണ പൂവച്ചലിൽ നിന്നും വിജയിച്ചിരുന്നു.