സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; അയൽവാസിയടക്കം മൂന്നുപേർ അറസ്റ്റിൽ

Sunday 14 December 2025 12:24 AM IST

തൃശൂർ: പറപ്പൂക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയടക്കം മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ. പറപ്പൂക്കര സ്വദേശികളായ രോഹിത്, പോപ്പിയെന്ന് വിളിക്കുന്ന വിപിൻ, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

പൊലീസ് നൽകുന്ന വിവരമനുസരിച്ച് അയൽവാസി കൂടിയായ രോഹിത്തിന്റെ സഹോദരിയോട് ഇഷ്ടമാണെന്ന് പറഞ്ഞതും ശല്യം ചെയ്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പറപ്പൂക്കര സ്വദേശി അഖിലിനെയാണ് (28) രോഹിത്തും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്.

രാത്രി ഒമ്പത് മണിയോടെ അഖിലിന്റെ വീടിനു മുന്നിലെ റോഡിൽ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.കേസിൽ രോഹിത്, വിപിൻ, ഗിരീഷ് എന്നീ മൂന്ന് പ്രതികളെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ രോഹിതും വിപിനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

രോഹിത് പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് ബീഡി വലിച്ച കേസിൽ പ്രതിയാണ്. വിപിൻ (പോപ്പി) പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമ കേസിലും ലഹരി ഉപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്ത കേസുൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.