കോട്ടയം: ഇടതുകോട്ടകൾ പൊളിച്ച് യു.ഡി.എഫ്
കോട്ടയം: ജില്ലയിൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന്റെ കരുത്തിൽ നേടിയ തദ്ദേശ സ്ഥാപനങ്ങൾ എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിച്ച് യു.ഡി.എഫ്. ജില്ലാപഞ്ചായത്തും ഭൂരിഭാഗം നഗരസഭകളും പഞ്ചായത്തുകളും തൂത്തുവാരി. ജില്ലാപഞ്ചായത്തിൽ 23 ഡിവിഷനിൽ 16ഉം യു.ഡി.എഫിന്. 12 സീറ്റുകൾ കോൺഗ്രസിനും നാലെണ്ണം കേരള കോൺഗ്രസ് ജോസഫിനും. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം) നാലും, സി.പി.എം രണ്ടും, സി.പി.ഐ ഒരു സീറ്റും നേടി. വെൽഫയർ പാർട്ടിയുടെ പിന്തുണയോടെ ഈരാറ്റുപേട്ട ഉൾപ്പെടെ ആറു നഗരസഭകളും യു.ഡി.എഫ് പിടിച്ചെടുത്തു. 71 പഞ്ചായത്തിൽ 45ലും അധികാരത്തിലെത്തി. പതിനൊന്നിൽ ഒമ്പത് ബ്ലോക്കു പഞ്ചായത്തുകളിലും മേൽക്കൈ യു.ഡി.എഫിന്. നാല് പതിറ്റാണ്ടായി കേരള കോൺഗ്രസ് എമ്മിന്റെ കൈവശമുണ്ടായിരുന്ന പാലാ നഗരസഭ അവർക്ക് നഷ്ടമായി. കഴിഞ്ഞ തവണ രണ്ടു പഞ്ചായത്തുകളിൽ അധികാരം നേടിയ ബി.ജെ.പി ഇത്തവണ എണ്ണം മൂന്നായി ഉയർത്തിയെങ്കിലും കൈയിലുണ്ടായിരുന്ന രണ്ടിലും ഭരണം നഷ്ടമായി. ഇക്കുറി നേടിയത് അയ്മനവും, കിടങ്ങൂരും, പൂഞ്ഞാർ തെക്കേക്കരയും. പി.സി.ജോർജിന്റെ വരവും ഗുണകരമായി.
ലതികാ സുഭാഷ് മൂന്നാമത്
കോട്ടയം : നഗരസഭയിലേയ്ക്ക് മത്സരിച്ച മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷയും, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ലതികാ സുഭാഷിന് മൂന്നാംസ്ഥാനം. തിരുനക്കര വാർഡിൽ മത്സരിച്ച ലതികയ്ക്ക് 113 വോട്ടേ കിട്ടിയുള്ളൂ. യു.ഡി.എഫ് വിജയിച്ച ഇവിടെ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ കങ്ങഴ ഡിവിഷനിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസിലെ അജിത് മുതിരമലയാണ് ഇവിടെ ജയിച്ചത്. ബസിന്റെ പെർമിറ്റിനെ ചൊല്ലി ഗതാഗത വകുപ്പിനോട് ഏറ്റുമുട്ടിയ റോബിൻ ഗിരിഷ് മേലുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ യു.ഡി.എഫ് വിമതനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാലാ നഗരസഭയിൽ ജോസ് കെ.മാണിയുടെ വാർഡിൽ യു.ഡി.എഫും, മാണി സി. കാപ്പന്റെ വാർഡിൽ എൽ.ഡി.എഫും ജയിച്ചു.