കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫ്: ത്രിതലത്തിൽ എൽ.ഡി.എഫ്
കണ്ണൂർ: കണ്ണൂർകോർപ്പറേഷനിൽ യു.ഡി.എഫ് തുടർഭരണം ഉറപ്പാക്കിയപ്പോൾ ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും എൽ.ഡി.എഫ് ആധിപത്യം നിലനിറുത്തി. ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ശ്രദ്ധേയമായ കുതിപ്പ് നടത്തി. എട്ട് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും എതിരാളികളില്ലാതെ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. കോർപ്പറേഷനിലെ 56 ഡിവിഷനുകളിൽ യു.ഡി.എഫ് 36 സീറ്റ് നേടി ഭൂരിപക്ഷത്തോടെ അധികാരം തുടർന്നു. എൽ.ഡി.എഫിന് 15 സീറ്റും എൻ.ഡി.എയ്ക്ക് 4 സീറ്റും ലഭിച്ചു. എസ്.ഡി.പി.ഐ അറക്കൽ ഡിവിഷനിൽ ആദ്യമായി വിജയിച്ചു. കഴിഞ്ഞ ഭരണ സമിതിയിലെ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിരയെയാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്ത് 25 ഡിവിഷനുകളിൽ എൽ.ഡി.എഫ് 18 സീറ്റ് നേടി. യു.ഡി.എഫിന് 7 സീറ്റും ലഭിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഇത്തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകും. 18 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 8 സീറ്റ് നേടി. യു.ഡി.എഫ് 2. എടക്കാട് 77 എന്ന സമനിലയിലാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് ഒരു ബ്ലോക്കിലേ വിജയിച്ചിരുന്നുള്ളൂ.
ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിന് 48 ഉം, യു.ഡി.എഫിന് 21 ഉം ലഭിച്ചു. മുണ്ടേരിയും കടമ്പൂരും സമനിലയിലായി. മലയോര മേഖലയിലെ 7 പഞ്ചായത്തുകൾ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 8 നഗരസഭകളിൽ എൽ.ഡി.എഫ് 5, യു.ഡി.എഫ് 3.