യു.ഡി.എഫ് ചോദിച്ചത് പൂവ്: കിട്ടിയത് പൂങ്കാവനം
തിരുവനന്തപുരം: അടുത്ത മേയിൽ വലിയ പരീക്ഷ മുന്നിലുള്ളതിനാൽ, തദ്ദേശത്തിൽ മെച്ചപ്പെട്ട പ്രകടനം മോഹിച്ച യു.ഡി.എഫിന്റെ മുന്നേറ്റം പ്രതീക്ഷകളെയും കടത്തി വെട്ടി ജനങ്ങൾ സമ്മാനിച്ചത് മിന്നുന്ന വിജയം. വർദ്ധിത വീര്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുള്ള പ്രേരക ശക്തിയാവും മുമ്പ് നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ രൂപപ്പെടുത്തിയ സംഘബലമാണ് യു.ഡി.എഫ് മുന്നേറ്റത്തിന്റെ കാതൽ.ഒറ്റക്കെട്ടായ പ്രവർത്തനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവർത്തിച്ചത് വെറും വാക്കല്ലെന്നും ബോദ്ധ്യപ്പെട്ടു. ടീം യു.ഡി.എഫായി അവർ പ്രവർത്തിച്ചു. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾ കോൺഗ്രസിന്റെ തോളോട് ചേർന്ന് ഒരു മനസോടെ പ്രവർത്തിച്ചാണ് മികച്ച വിജയം നേടിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് , യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കും ഈ കുതിപ്പ് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഇടത് പാളയം വിട്ട് , യു.ഡി.എഫ് തട്ടകം മോഹിച്ചെത്തിയ പി.വി.. അൻവറിന്റെ പിടിവാശിക്ക് വഴങ്ങാതിരുന്ന നിലപാടും, പിന്തുണ രൂപത്തിൽ യു.ഡി.എഫിലേക്കെത്തി.കൂട്ടായി എടുക്കുന്ന തീരുമാനങ്ങളിൽ അണുവിട വ്യതിചലിക്കാതെ, യു.ഡി.എഫിന്റെ പരിചയാവാനും വാളാകാനും ശ്രദ്ധിച്ച ലീഗിന്റെ സമർപ്പിത ശ്രമമാണ് മലബാർ മേഖലയിലുണ്ടായ മുന്നേറ്റത്തിന് മറ്റൊരു കാരണം.
പുറമെ വലിയ കാടിളക്കമുണ്ടായില്ലെങ്കിലും മാസങ്ങൾക്ക് മുമ്പ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നിലമൊരുക്കൽ യു.ഡി.എഫ് , പ്രത്യേകിച്ച് കോൺഗ്രസ് തുടങ്ങിയിരുന്നു. കുടുംബ സംഗമങ്ങളും ഭവന സന്ദർശനവുമടക്കം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് വിഷയങ്ങളാണ് യു.ഡി.എഫ് മുന്നോട്ടു വച്ചത്. ഭരണവിരുദ്ധ വികാരം, ക്രമസമാധാനത്തകർച്ച, ശബരിമല സ്വർണ്ണത്തട്ടിപ്പ്.തെരുവിലിറങ്ങിയുള്ള സമരങ്ങൾക്ക് പ്രാധാന്യം കൊടുത്തില്ലെങ്കിലും വിലക്കയറ്റവും ഭരണരംഗത്തുള്ള സ്തംഭനവും ഉയർത്തിക്കാട്ടി. പരക്കെ അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്നുണ്ടെന്ന വികാരം ഉയർത്തിവിടാനും കഴിഞ്ഞു.
ആവർത്തിച്ചുണ്ടായ ലോക്കപ്പ് മർദ്ദനങ്ങളും പൊലീസ് അതിക്രമങ്ങളും പൊതു ചർച്ചകളിൽ സജീവമാക്കി നിറുത്താനായി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് കാടത്തവും ഫലപ്രദമായി ഉയർത്തിക്കാട്ടി. ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ സി.പി.എം പ്രതിനിധികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ ഉൾപ്പെടെ പ്രതിസ്ഥാനത്ത് നിറുത്തി ആവർത്തിച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായപ്പോൾ, വിശ്വാസ മനസുകളിൽ വർദ്ധിച്ചത് യു.ഡി.എഫിന്റെ സ്വീകാര്യതയാണ് .