പത്തനംതിട്ട തൂത്തുവാരി യു.ഡി.എഫ്
പത്തനംതിട്ട: ജില്ലാപഞ്ചായത്തും നാലിൽ മൂന്ന് നഗരസഭകളും 34 ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത യു.ഡി.എഫിന് പത്തനംതിട്ട ജില്ലയിൽ ഉജ്വല തിരിച്ചുവരവ്. പത്ത് വർഷത്തിലേറെയായി എൽ.ഡി.എഫ് വിജയിച്ചിരുന്ന ജില്ലയാണിത്. ജില്ലാപഞ്ചായത്തിൽ പതിനേഴിൽ പന്ത്രണ്ട് സീറ്റും നേടി യു.ഡി.എഫ് അധികാരം പിടിച്ചു.
സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ വിജയിച്ചു. ജില്ലാപഞ്ചായത്തിലും പത്തനംതിട്ട, അടൂർ നഗരസഭകളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ട എൽ.ഡി.എഫിന് കനത്ത തിരിച്ചടി. പാർട്ടിയിലെ തമ്മിലടി കാരണം ബി.ജെ.പിക്ക് പന്തളം നഗരസഭ നഷ്ടപ്പെട്ടു. ഇവിടെ എൽ.ഡി.എഫ് വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി മൂന്നാംസ്ഥാനത്തും.
കഴിഞ്ഞ തവണ ഭരിച്ച മൂന്ന് പഞ്ചായത്തുകളിലും ഭരണം നഷ്ടപ്പെട്ട ബി.ജെ.പി മറ്റ് നാല് പഞ്ചായത്തുകളിൽ ഭരണത്തിലെത്തി. അടൂർ, തിരുവല്ല നഗരസഭകളിൽ സീറ്റെണ്ണം വർദ്ധിപ്പിച്ചു. പത്തനംതിട്ട നഗരസഭയിൽ ഒരു സീറ്റ് നേടി. നാല് ബ്ളോക്ക് പഞ്ചായത്തുകളിലായി ആറുപേർ തിരഞ്ഞെടുക്കപ്പെട്ടു. ശബരിമല ഉൾപ്പെടുന്ന പെരുനാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ബി.ജെ.പിക്ക് നഷ്ടമായി. സി.പി.എം, കോൺഗ്രസ് സ്ഥാനാർത്ഥികൾ 268 വോട്ടുകളുമായി തുല്യനിലയിലെത്തി. ടോസിൽ സി.പി.എം നേടി.
ജില്ലയിലെ എട്ട് ബ്ളോക്ക് പഞ്ചായത്തുകളിൽ ഏഴിലും യു.ഡി.എഫ് ഭരണത്തിലെത്തി. കഴിഞ്ഞ തവണ ആറെണ്ണം ഭരിച്ച എൽ.ഡി.എഫ് ഇത്തവണ ഒരിടത്തും ലീഡ് നേടിയില്ല. കോന്നി ബ്ളോക്കിൽ ഏഴുസീറ്റുകൾ വീതംനേടി എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തി.
ജില്ലാപഞ്ചായത്ത് (17 സീറ്റ്): യു.ഡി.എഫ്- 12, എൽ.ഡി.എഫ്- 5
ബ്ളോക്ക് പഞ്ചായത്ത് (8എണ്ണം): യു.ഡി.എഫ്- 7, ഒരിടത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
ഗ്രാമപഞ്ചായത്ത് (53): യു.ഡി.എഫ്- 34, എൽ.ഡി.എഫ്- 11, എൻ.ഡി.എ- 4, തൂക്കുഭരണം- 4