ഇടുക്കിയിൽ യു.ഡി.എഫ് മിടുമിടുക്കി

Sunday 14 December 2025 2:39 AM IST

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് കൊടുങ്കാറ്റ് ആഞ്ഞുവീശിയപ്പോൾ എൽ.ഡി.എഫ് നിലംപരിശായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ പുതുതായി രൂപീകരിച്ച വെള്ളത്തൂവലടക്കം 14 സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ, എൽ.ഡി.എഫിന് മൂന്നിലേക്കൊതുങ്ങി.

എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴും യു.ഡി.എഫ് നേടി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും യു.ഡി.എഫ് വൻമുന്നേറ്റം. തൊടുപുഴയിൽ 21 സീറ്റിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ഒമ്പതു സീറ്റുകൾ നേടി എൻ.ഡി.എ ആദ്യമായി നഗരസഭയിലെത്തി. എൽ.ഡി.എഫിന് ആറു സീറ്റുകളിലൊതുങ്ങി. രണ്ടിടത്ത് യു.ഡി.എഫ് വിമതർക്കാണ് വിജയം.

ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. 52 ഗ്രാമപഞ്ചായത്തുകളിൽ 36 ഇടങ്ങളിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോൾ എൽ.ഡി.എഫ് 11 സ്ഥലങ്ഹളിലേക്ക് ചുരുങ്ങി. അഞ്ചിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ജില്ലയിൽ ആദ്യമായി മണക്കാട് പഞ്ചായത്തിൽ ട്വന്റി ട്വന്റി രണ്ട് സീറ്റിൽ വിജയിച്ചു. വനിതാ സംവരണമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കരിങ്കുന്നം ഡിവിഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫിന്റെ ഷീല സ്റ്റീഫനാണ് മുൻഗണന.

 ഇ.എം. ആഗസ്തി തോറ്റു ഇടുക്കി ജില്ലയിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിനിടയിലും മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായ ഇ.എം. ആഗസ്തി പരാജയപ്പെട്ടു. കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്ന് 59 വോട്ടുകൾക്ക് എൽ.ഡി.എഫിലെ സി.ആർ. മുരളിയോടായിരുന്നു പരാജയം. ജനവിധിക്ക് പിന്നാലെ, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ആഗസ്തി സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചു.

1991ലും 96ലും ഉടുമ്പഞ്ചോലയിൽ നിന്നും 2001 ൽ പീരുമേട്ടിൽ നിന്നുമുള്ള എം.എൽ.എയായിരുന്നു. ഇടുക്കി ഡി.സി.സി ‌പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം. മണിയോട് 38,000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ, നേരത്തെ പ്രഖ്യാപിച്ചത് പോലെ വേളാങ്കണ്ണിയിൽ പോയി തല മൊട്ടയടിച്ചിരുന്നു.