'കൈ'യടിച്ച് എറണാകുളം
കൊച്ചി: എറണാകുളം ജില്ലയിൽ ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും യു.ഡി.എഫിന് വൻവിജയം. കൊച്ചി കോർപ്പറേഷനിൽ 76 സീറ്റിൽ 47ഉം വലത്തോട്ട് ചാഞ്ഞു. ഭരണത്തുടർച്ചയ്‌ക്കിറങ്ങിയ എൽ.ഡി.എഫ് 22ലൊതുങ്ങി. ബി.ജെ.പിക്ക് ഒരെണ്ണം കൂടി ആറ് സീറ്റായി. ഒരു കോൺഗ്രസ് വിമതനും വിജയിച്ചു. പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ പരാജപ്പെട്ടത് യു.ഡി.എഫിന് ക്ഷീണമായി.
ജില്ലാപഞ്ചായത്തിൽ ആകെയുള്ള 28ൽ മൂന്ന് ഡിവിഷൻ മാത്രം ഇടതിനൊപ്പം.
13 നഗരസഭകളിൽ ഒരിടത്തും എൽ.ഡി.എഫിന് വിജയിക്കാനായില്ല. 12 ഇടത്ത് യു.ഡി.എഫ്. തൃപ്പൂണിത്തുറ എൽ.ഡി.എഫിൽ നിന്ന് എൻ.ഡി.എ പിടിച്ചെടുത്തു.
ബ്ലോക്ക് പഞ്ചായത്തുകളിൽ വൈപ്പിനിൽ മാത്രം എൽ.ഡി.എഫ്. 12 ഇടത്തും യു.ഡി.എഫ്. ഒരിടത്ത് തുല്യനില. അങ്കമാലി, മൂവാറ്റുപുഴ, വാഴക്കുളം ബ്ലോക്കുകളിൽ ഇടതിന് ഒരു സീറ്റ് പോലുമില്ല. വടവുകോട് എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ചുവീതം സീറ്റ്. ട്വന്റി20ക്ക് നാലു സീറ്റും.
ഗ്രാമ പഞ്ചായത്തുകളിൽ 67ഇടത്ത് യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് ട്വന്റി20യും അഞ്ചിടത്ത് സമനിലയും. തിരുവാണിയൂർ. ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളാണ് ട്വന്റി20ക്കൊപ്പം. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പറവൂർ നഗരസഭയിലെ കേസരിവാർഡിൽ ബി.ജെ.പി വിജയിച്ചു. സി.പി.എം നേതാവും മുൻമന്ത്രിയുമായ എസ്. ശർമ്മയുടെ ഭാര്യ ആശ പറവൂരിലെ ഏഴാം വാർഡിൽ മൂന്നാം സ്ഥാനത്തായി. സി.പി.എം നേതാവായിരുന്ന ടി.കെ.രാമകൃഷ്ണന്റെ മകൻ എം.ആർ.യതീന്ദ്രൻ തൃപ്പൂണിത്തുറ നഗരസഭയിലെ മാത്തൂർ ഈസ്റ്റ് വാർഡിൽ പരാജയപ്പെട്ടു.
കക്ഷിനില
ഗ്രാമപഞ്ചായത്ത് (82): എൽ.ഡി.എഫ്- 07, യു.ഡി.എഫ്- 67, ട്വന്റി20- 03
ബ്ലോക്ക് പഞ്ചായത്ത് (14): എൽ.ഡി.എഫ്- 01, യു.ഡി.എഫ്-12, തുല്യനിലയിൽ- 01
ജില്ലാ പഞ്ചായത്ത് ഡിവിഷൻ: എൽ.ഡി.എഫ്- 03, യു.ഡി.എഫ്- 25
മുനിസിപ്പാലിറ്റി (13): എൽ.ഡി.എഫ്- 00, യു.ഡി.എഫ്- 12, എൻ.ഡി.എ- 01
കോർപ്പറേഷൻ (76): എൽ.ഡി.എഫ്- 22, യു.ഡി.എഫ്- 47, എൻ.ഡി.എ-06, സ്വതന്ത്രൻ- 01