ആലപ്പുഴയിലും യു.ഡി.എഫ് തിളക്കം
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ ഇടതിന് അടിപതറി. ശക്തമായ തിരിച്ചുവരവ് നടത്തി യു.ഡി.എഫ്. എൻ.ഡി.എയും മുന്നേറ്റമുണ്ടാക്കി. ജില്ലയിലെ ആകെയുള്ള 72 ഗ്രാമപഞ്ചായത്തുകളിൽ 56 എണ്ണം കഴിഞ്ഞതവണ എൽ.ഡി.എഫിനൊപ്പമായിരുന്നെങ്കിൽ ഇത്തവണ മുപ്പത്തിയാറിലേക്ക് ചുരുങ്ങി. അഞ്ച് പഞ്ചായത്തുകളിൽ എൻ.ഡി.എയ്ക്ക് ഭരണം. ചേന്നം- പള്ളിപ്പുറം പഞ്ചായത്തിലെ 19 വാർഡുകളിൽ ഏഴ് വാർഡുകൾ വീതം യു.ഡി.എഫും എൻ.ഡി.എയും വിജയിച്ച് സമനിലയിലാണ്.
നഗരസഭകളിൽ ആറെണ്ണത്തിൽ അഞ്ചും യു.ഡി.എഫിനൊപ്പമായി. ചേർത്തല മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്. ആലപ്പുഴയിലും കായംകുളത്തും എൽ.ഡി.എഫിനുണ്ടായത് കനത്ത തിരിച്ചടിയാണ്. ശക്തമായ അടിത്തറയുണ്ടായിട്ടും രണ്ടിടങ്ങളിലും എൽ.ഡി.എഫിന് പിടിച്ചുനിൽക്കാനായില്ല. ഹരിപ്പാടും മാവേലിക്കരയും ചെങ്ങന്നൂരും നേരത്തെ തന്നെ യു. ഡി.എഫിനൊപ്പമായിരുന്നു. ചെങ്ങന്നൂരിലും മാവേലിക്കരയിലും എൽ.ഡി.എഫ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പോയി.
ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെയുള്ള 12ൽ ഇത്തവണ എൽ.ഡി.എഫ് ഏഴിലൊതുങ്ങി. നാലിടങ്ങളിൽ യു.ഡി.എഫ്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ആറ് സീറ്റ് വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചപ്പോൾ രണ്ട് വാർഡുകളിൽ എൻ.ഡി.എ വിജയിച്ചു.
ജില്ലാ പഞ്ചായത്തിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. എട്ട് സീറ്റിൽ വിജയിച്ചു. 16 ഇടത്ത് ജയിച്ച എൽ.ഡി.എഫ് ഭരണം നിലനിറുത്തി.