ഇടതിനെ തഴുകാതെ വടക്കൻ കാറ്റും
കോഴിക്കോട്: വടക്കൻ കേരളത്തിലും ഇടതിന് കനത്ത തിരിച്ചടി. അരനൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്ത് കൈവിട്ടു. കോർപറേഷനിൽ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് ഭരണം പിടിച്ച തൃശൂരും നഷ്ടമായി. അഭിമാനപോരാട്ടം നടത്തിയിട്ടും നിലംതൊടീക്കാത്ത കണ്ണൂർ കോർപ്പറേഷനും സെമിഫൈനലിൽ കനത്ത ആഘാതമാണ് നൽകിയത്.
പാലക്കാട്ടും എൽ.ഡി.എഫ് പിറകോട്ട് പോയി. കഴിഞ്ഞ തവണ ഭരിച്ച പാലക്കാട്ട് മൂന്ന് സീറ്റ് നഷ്ടമായെങ്കിലും 25 സീറ്റുമായി ബി.ജെ.പി തന്നെ ഒറ്റകക്ഷി. 16 സീറ്റിൽ നിന്ന് രാഹുൽ വോട്ട് ചെയ്ത വാർഡടക്കം പിടിച്ചെടുത്ത് 18 സീറ്റിലേക്ക് യു.ഡി.എഫ് ഉയർന്നു. ഒമ്പത് സീറ്റിലേക്ക് എൽ.ഡി.എഫ് ഒതുങ്ങി.
കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുസാഫർ അഹമ്മദ് പരാജയപ്പെട്ടത് നാണക്കേടായി. യു.ഡി.എഫ് 18ൽ നിന്ന് 28 സീറ്റാക്കി നിലമെച്ചപ്പെടുത്തി. 51 സീറ്റിന്റെ തലക്കനവുമായി കഴിഞ്ഞ തവണയും അധികാരം നിലനിറുത്തിയ ഇടതുപക്ഷം 35 സീറ്റിലേക്ക് ഒതുങ്ങി. എൻ.ഡി.എ 13 സീറ്റിലേക്ക് കുതിച്ചു.
ഗ്രാമപഞ്ചായത്തുകളിലും കണ്ണൂർ കോർപ്പറേഷനിലും യു.ഡി.എഫ് മുന്നേറ്റം പ്രകടമായപ്പോൾ, നഗരസഭകൾ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ മേൽക്കൈ നേടിയത് എൽ.ഡി.എഫിന് ആശ്വാസമായി. മലപ്പുറത്ത് യു.ഡി.എഫിന് സമ്പൂർണ ആധിപത്യമാണ്. ജില്ലാപഞ്ചായത്തിൽ 33ൽ 32 നേടിയാണ് മുന്നേറ്റം. മൂന്ന് നഗരസഭയുണ്ടായിരുന്ന എൽ.ഡി.എഫിന് ഇത്തവണ പൊന്നാനി മാത്രാണ് ആശ്വാസമായത്. പെരിന്തൽമണ്ണയും നിലമ്പൂരും കൈയിൽ നിന്ന് പോയി.
വയനാട്ടിലും കനത്ത പ്രഹരമാണ് ഇടതുമുന്നണിക്ക്. ജില്ലാ പഞ്ചായത്തിൽ 17ൽ 15 സീറ്റ് നേടിയാണ് യി.ഡി.എഫ് മുന്നേറ്റം. രണ്ട് സീറ്റ് മാത്രമാണ് എൽ.ഡി.എഫിന്. മൂന്ന് മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യു.ഡി.എഫും ഒരെണ്ണം എൽ.ഡി.എഫും നേടി. ബ്ലോക്ക് പഞ്ചായത്തുകളിൽ നാലും യു.ഡി.എഫ് നേടി. 23 ഗ്രാമ പഞ്ചായത്തുകളിൽ പതിനേഴിടത്ത് യു.ഡി.എഫ് വിജയം കൊയ്തു. മൂന്നെണ്ണത്തിൽ മാത്രമേ എൽ.ഡി.എഫിന് വിജയിക്കാനായുള്ളൂ.