വായു മലിനീകരണം അതിരൂക്ഷം, ഡൽഹിയിൽ മൂന്നാം ഘട്ട  നിയന്ത്രണങ്ങൾ

Sunday 14 December 2025 1:50 AM IST

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ വിധത്തിൽ ഉയർന്നതോടെ ഡൽഹിയിൽ കെട്ടിട നിർമ്മാണങ്ങൾ, ഡീസൽ വാഹനങ്ങൾ എന്നിവ വിലക്കുന്ന മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തണുപ്പ് കൂടിയതിന് പിന്നാലെ വായുഗുണ നിലവാര സൂചിക (എ.ക്യു.ഐ) 400ന് മുകളിലെത്തി.

വെള്ളിയാഴ്ച വൈകിട്ട് മുതലാണ് ഡൽഹിയിൽ എ.ക്യൂ.ഐ കുത്തനെ ഉയർന്നത്. അന്തരീക്ഷത്തിലെ പൊടി കലർന്ന മൂടൽ മഞ്ഞിന്റെ പിടിയിലാണ് ഡൽഹിയും പരിസരവും. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലും പുകമഞ്ഞ് ദൃശ്യമാണ്. നോയിഡയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

നിർമ്മാണം പാടില്ല

 മൂന്നാം ഘട്ട നിയന്ത്രണം: അത്യാവശ്യമല്ലാത്ത നിർമ്മാണങ്ങളും പൊളിക്കലും,​ മണ്ണെടുക്കൽ, പൈലിംഗ്, ആഴത്തിൽ കുഴിയെടുക്കൽ, വെൽഡിംഗ്, പെയിന്റിംഗ്, പ്ലാസ്റ്ററിംഗ്, ടൈൽ-ഫ്ലോറിംഗ് ജോലികൾ, ടാർ ചെയ്യാത്ത റോഡുകളിലൂടെ സിമന്റ്, മണൽ, ഫ്ലൈ-ആഷ് തുടങ്ങിയവ കൊണ്ടുപോകുന്നത്. സ്റ്റോൺ ക്രഷറുകൾ, ഇഷ്ടിക ചൂളകൾ, ഖനന പ്രവർത്തനങ്ങൾ

 ബി.എസ് -3 പെട്രോൾ, ബി.എസ്-4 ഡീസൽ നാലു ചക്ര വാഹനങ്ങളും ചെറിയ ചരക്കു വാഹനങ്ങളും അന്തർ സംസ്ഥാന ഡീസൽ ബസുകളും വിലക്കി

ഇളവുള്ളത്:

മെട്രോ, റെയിൽവേ, പൊതുഗതാഗതം, വിമാനത്താവളം, ഹൈവേ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ശുചിത്വ പദ്ധതികൾ

കർശനമായ പൊടി നിയന്ത്രണവും മാലിന്യ സംസ്കരണ സംവിധാനങ്ങളുമുള്ള നിർണായക നിർമ്മാണ പ്രവർത്തനങ്ങൾ

ഭിന്ന ശേഷിക്കാരുടെ വാഹനങ്ങൾ

എ.ക്യൂ.ഐ കൂടിയ സ്ഥലങ്ങൾ

 വസീർപൂർ ..... 445

 വിവേക് ​​വിഹാർ.... 444

 ജഹാംഗീർപുരി..... 442

 ആനന്ദ് വിഹാർ...... 439

 അശോക് വിഹാർ, രോഹിണി ...... 437

 നരേല ......432

 പ്രതാപ്ഗഞ്ച് ...431

 മുണ്ട്ക ...... 430

 ബവാന, ഐ.ടി.ഒ, നെഹ്‌റു നഗർ ..... 429

 ചാന്ദ്‌നി ചൗക്ക്, പഞ്ചാബി ബാഗ്, സിരി ഫോർട്ട്, സോണിയ വിഹാർ......... 420