ചാരവൃത്തി: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തേസ്പൂർ: പാക് ചാരശൃംഖലയിൽപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ അസാമിൽ അറസ്റ്റിൽ. തേസ്പൂരിലെ പാടിയ സ്വദേശിയായ കുലേന്ദ്ര ശർമ്മയാണ് അറസ്റ്റിലായത്. നിരന്തരമായ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ പാക് ചാര ഏജൻസിയുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധം പുലർത്തുകയും അവർക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്തതായി സംശയിക്കുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നും സംശയാസ്പദമായ രേഖകൾ കണ്ടെടുത്തു. ഇയാളുടെ പാക് ബന്ധങ്ങളെക്കുറിച്ചുള്ള സംശയം ശക്തമാണെങ്കിലും അന്വേഷണം പൂർത്തിയാകുന്നതുവരെ സ്ഥിരീകരിക്കാനാകില്ലെന്ന് അസാം സോണിത്പൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹരിചരൺ ഭൂമിജ് പറഞ്ഞു. സുഖോയ് 30 സ്‌ക്വാഡ്രൺ ഉൾപ്പെടെയുള്ള പ്രധാന വ്യോമസേനാ യൂണിറ്റുകൾ പ്രവർത്തിക്കുന്ന തേസ്പൂരിലെ വ്യോമസേനാ സ്റ്റേഷനിൽ ജൂനിയർ വാറന്റ് ഓഫീസറായിരുന്നു കുലേന്ദ്ര. 2002ൽ വിരമിച്ചു. തുടർന്ന് തേസ്പൂർ സർവകലാശാലയിൽ കുറച്ചുകാലം ജോലി ചെയ്തു.