 ഗാന്ധിജി-ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം സ്റ്റാമ്പും നാണയവും ഇറക്കണമെന്ന് കെ.സി.

Sunday 14 December 2025 1:51 AM IST

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിജിയും ശിവഗിരിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ ഓർമ്മയ്‌ക്കായി സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. 1925 മാർച്ച് 12ന് ശിവഗിരിയിൽ നടന്ന മഹത്തായ കൂടിക്കാഴ്ച കേരള നവോത്ഥാന ചരിത്രത്തിലെ നിർണായകമായിരുന്നു. ജാതി വിവേചനം , തൊട്ടുകൂടായ്മ തുടങ്ങിയ ഉച്ചനീചത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കി സാമൂഹിക സമത്വം യാഥാർത്ഥ്യമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഗാന്ധിജിയും ഗുരുവും ആശയവിനിമയം നടത്തിയത്. ഇരുവരുടെയും സംഭാഷണം സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിൽ ഒരു വഴിത്തിരിവായി. കൂടിക്കാഴ്ചയുടെ പ്രാധാന്യം ഉൾക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.