തലസ്ഥാനത്തിന്റെ രാഷ്ട്രീയ നിറം മാറുന്നു: ബി.ജെ.പിയെ മാറ്റി നിറുത്തി ഇനി രാഷ്ട്രീയ ചർച്ചയ്ക്കിടമില്ല

Sunday 14 December 2025 2:54 AM IST

തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ നിറം മാറിത്തുടങ്ങിയെന്ന വ്യക്തമായ ചിത്രമാണ് കോർപറേഷനിൽ ബി.ജെ.പി നേടിയ തിളക്കാമർന്ന വിജയം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് എൽ.ഡി.എഫ് ഇല്ലെങ്കിൽ പിന്നെ ആര്? ഈ ചോദ്യത്തിന്റെ മുനയാണ് ഒടിഞ്ഞത്.ഉത്തരം ബി.ജെ.പിയെന്നാണ്.

കോൺഗ്രസിന്റെ അടിത്തറ തലസ്ഥാനത്ത് ക്ഷയിക്കുകയും ബി.ജെ.പി ശക്തമാവുകയും ചെയ്തപ്പോൾ, എൽ.ഡി.എഫ് വോട്ടുകൾ മുന്തിയ തോതിൽ എൻ.ഡി.എയിലേക്ക് പോയി.സഖാക്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തലസ്ഥാനത്തെ ജനങ്ങളുടെ ബി.ജെ.പിയോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വന്നു. തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിലും മാറ്റം വന്നിരിക്കുന്നു.സംസ്ഥാനത്ത് അവർ കാഴ്ച വച്ച പ്രകടനം വിലയിരുത്തുമ്പോൾ ബി.ജെ.പി ആർക്കും അവഗണിക്കാൻ പറ്റാത്ത മേജർ പ്ളേയറായി സ്ഥാനം പിടിച്ചിരിക്കുന്നു. ബി.ജെ.പിയെ മാറ്റി നിറുത്തി ഒരു രാഷ്ട്രീയ വിശകലനവും ഇനി കേരളത്തിൽ സാദ്ധ്യമല്ല.ഇതുവരെ എൽ.ഡി.എഫ് ,യു.ഡി.എഫ് എന്ന് മാത്രമെ പറയാറുണ്ടായിരുന്നുള്ളുവെങ്കിൽ ഇനി മുതൽ മുഖ്യസ്ഥാനങ്ങളിലൊന്ന് ബി.ജെ.പിക്കും നൽകിയേ മതിയാകൂ.തെക്കൻ ജില്ലകളിൽ തിരുവനന്തപുരത്തിനു പുറമെ കൊല്ലത്തും ആലപ്പുഴയിലും കോട്ടയത്തുമൊക്കെ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യം തെളിയിച്ചു .

ഭരണവിരുദ്ധ

വികാരം പ്രകടം

എൽ.ഡി.എഫ് സർക്കരിനെതിരായ ഭരണ വിരുദ്ധ വികാരം ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായിട്ടുണ്ട്.പണ്ടൊക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളേ ചർച്ചയാകാറുള്ളു.ഇന്ന് ആ സ്ഥിതി മാറി. സോഷ്യൽ മീഡിയ ശക്തമായതോടെ ഏത് ചെറിയ കാര്യവും തിരുവനന്തപുരം മുതൽ കാസർകോട് വരെ ചർച്ച ചെയ്യുന്ന അവസ്ഥയാണ്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് വോട്ടർമാർ രാഷ്ട്രീയമായിക്കൂടി കണ്ടു.സർക്കാരിനെതിരെ ഉയർന്ന വിഷയങ്ങളൊക്കെ അവരെ സ്വാധീനിച്ചു. സർക്കാർ വിരുദ്ധ വികാരമാകട്ടെ രണ്ട് രീതിയിൽ പ്രതിഫലിച്ചു.അതിന് യു.ഡി.എഫും എൻ.ഡിയെയും ഒരുപോലെ ഗുണഭോക്താക്കളായി. ഈ രണ്ട് മുന്നണികൾക്കും ലഭിച്ച വോട്ടുകൾ കൂട്ടി നോക്കൂ. വോട്ട് ഷെയറും. അപ്പോളറിയാം എൽ.ഡി.എഫിന്റെ പതനം എത്ര വലുതാണെന്ന്. മുമ്പൊക്കെ ബി.ജെ.പി മുന്നേറ്റമുണ്ടായാൽ അത് യു.ഡി.എഫിനെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ .എന്നാൽ ആ ട്രെൻഡ് മാറിയിരിക്കുന്നു.ശക്തമായ ഹൈന്ദവ അടിത്തറയുള്ള പാർട്ടിയാണ് സി.പി.എം.യു.ഡി.എഫിന്റെ അടിത്തറയാകട്ടെ കൂടുതലും ന്യൂനപക്ഷ വോട്ടുകളാണ് .അപ്പോൾ ബി.ജെ.പി മുന്നേറുമ്പോൾ അടിത്തറയിളകുന്നത്

എൽ.ഡി.എഫിന്റെയാകും. ബി.ജെ.പിയെ തൊട്ടു കൂടാത്ത പാർട്ടിയായി ഇനി ആരും കാണില്ല.

സ്വർണ്ണക്കൊള്ള വിവാദം കൂടുതൽ ഗുണം ചെയ്തത് യു.ഡി.എഫിനാണ്.പന്തളം നഗരസഭ എൻ.ഡി.എക്കു നഷ്ടപ്പെട്ടത് ഉദാഹരണം.എന്നാൽ തിരുവനന്തപുരത്ത് എൻ.ഡി.എക്കും അത് ഗുണം ചെയ്തു.സി.പി.എം ഇതിൽ നിന്ന് പഠിക്കുമോ? കണ്ടറിയണം.പരാജയ കാരണങ്ങളായി അവർ ചൂണ്ടിക്കാണിക്കുന്നതൊന്നും ശരിയായ വിഷയങ്ങളല്ല. ഒരു ആത്മപരിശോധനയ്ക്കു സി.പി.എം തയാറാവുകയാണ് വേണ്ടത്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകൻ )