തിരുവനന്തപുരം: കോർപ്പറേഷനിൽ അടിപതറി എൽ.ഡി.എഫ്
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ഇടത് ഭരണത്തിലായിരുന്ന കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ബി.ജെ.പിയുടെ തിളക്കമാർന്ന വിജയമാണ് തിരുവനന്തപുരത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയിൽ കോർപ്പറേഷൻ ഭരണം നഷ്ടമായെങ്കിലും ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജില്ലാപഞ്ചായത്തിലും ഭൂരിപക്ഷം നേടി എൽ.ഡി.എഫ്. കോർപ്പറേഷനിലും പഞ്ചായത്തുകളിലും സീറ്റുകൾ വർദ്ധിപ്പിച്ച് യു.ഡി.എഫും മുന്നേറ്റം നടത്തി.
34 സീറ്റുമായി പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി 50 സീറ്റുകൾ നേടിയാണ് കോർപ്പറേഷൻ ഭരണം കരസ്ഥമാക്കിയത്. ഭൂരിഭാഗവും പിടിച്ചെടുത്തത് എൽ.ഡി.എഫ് സീറ്റുകൾ. കോർപ്പറേഷനിലെ അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ ഒരുങ്ങുകയാണ് സി.പി.എം. ജില്ലാ പഞ്ചായത്തിൽ അഞ്ച് ഡിവിഷനിൽ നിന്നും 13ലേക്ക് യു.ഡി.എഫ് കുതിച്ചുയർന്നു. 21ൽ നിന്ന് 15ലേക്ക് എൽ.ഡി.എഫ് ചുരുങ്ങി.
നെയ്യാറ്റിൻകര, വർക്കല, നെടുമങ്ങാട്, ആറ്റിങ്ങൽ നഗരസഭകൾ എൽ.ഡി.എഫ് നിലനിറുത്തി. 73 ഗ്രാമപഞ്ചായത്തുകളിൽ 18ൽ നിന്നും 25ലേക്ക് യു.ഡി.എഫ് എത്തി. 52ൽ നിന്നും 36ലേക്ക് എൽ.ഡി.എഫിന് കുറഞ്ഞു. നാലിൽ നിന്ന് ആറായി വർദ്ധിപ്പിച്ച് എൻ.ഡി.എയേയും നേട്ടമുണ്ടാക്കി.
കക്ഷിനില
കോർപ്പറേഷൻ (101 വാർഡ്): എൻ.ഡി.എ- 50, എൽ.ഡി.എഫ്- 29, യു.ഡി.എഫ്- 19, സ്വതന്ത്രർ- 2 (ഒരിടത്ത് ഇലക്ഷൻ നടന്നില്ല)
ജില്ലാപഞ്ചായത്ത് (28 ഡിവിഷൻ): എൽ.ഡി.എഫ്- 15, യു.ഡി.എഫ്- 13
ബ്ലോക്ക് പഞ്ചായത്ത് (11): എൽ.ഡി.എഫ്- 5, യു.ഡി.എഫ്- 6
ഗ്രാമപഞ്ചായത്ത് (73): എൽ.ഡി.എഫ്- 36, യു.ഡി.എഫ്- 25, എൻ.ഡി.എ- 6, സമനിലയിൽ- 6