വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ കപ്പലിൽ ഇന്ത്യക്കാരടക്കം 18 ജീവനക്കാർ
ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ. കപ്പലിൽ ഇന്ത്യക്കാരടക്കം 18 ജീവനക്കാരുണ്ട്. ഇറാനിൽ നിന്നുള്ള 60 ലക്ഷം ലിറ്റർ ഡീസൽ അനധികൃതമായി കപ്പൽ വഴി കടത്തിയെന്ന പേരിലാണ് നടപടി. വെള്ളിയാഴ്ച ഇറാന്റെ സമുദ്രാതിർത്തിയ്ക്കുള്ളിൽ തെക്കൻ തുറമുഖ നഗരമായ ജാസ്കിന് സമീപമായിരുന്നു സംഭവം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് പൗരന്മാരും കപ്പലിലുണ്ട്. ഇവരെ ഹോർമോസ്ഗാൻ പ്രവിശ്യയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അതേസമയം കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ ഉടമസ്ഥർ ആരാണെന്നോ ഇറാൻ അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങളെയും ഉപരോധങ്ങളെയും മറികടന്ന് രഹസ്യമായി എണ്ണ കടത്താൻ ഉപയോഗിക്കുന്ന കപ്പലുകൾ (ഡാർക്ക് ഫ്ലീറ്റ് / ഷാഡോ ഫ്ലീറ്റ്) ഉടമസ്ഥാവകാശവും സ്ഥാനവും മറച്ചുവച്ച് സഞ്ചരിക്കാറുണ്ട്. ഇറാന്റെ ഉയർന്ന സബ്സിഡി നിരക്കും കുറഞ്ഞ ആഭ്യന്തര വിലയും കണക്കിലെടുത്ത് മേഖലയിൽ ഇന്ധന കള്ളക്കടത്ത് വ്യാപകമാകുന്നെന്നാണ് ആരോപണം. ഇക്കാരണത്താൽ ഇതിന് മുമ്പും ഇറാൻ കപ്പലുകൾ പിടിച്ചെടുത്തിട്ടുണ്ട്.
# രേഖകളില്ലാതെ രഹസ്യനീക്കം
കപ്പൽ ഇന്ധന കള്ളക്കടത്ത് ദൗത്യത്തിന്റെ ഭാഗമെന്ന് ഇറാൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ
ആവശ്യമായ രേഖകൾ കപ്പലിനില്ലെന്നും പറയുന്നു
സ്ഥാനം ട്രാക്ക് ചെയ്യപ്പെടാതിരിക്കാൻ കപ്പലിലെ എല്ലാ നാവിഗേഷൻ സംവിധാനങ്ങളും ബോധപൂർവ്വം ഓഫ് ചെയ്തെന്നും ആരോപണം
റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് കടക്കാനും കപ്പൽ ശ്രമിച്ചു
# യു.എസിനുള്ള മറുപടി ?
ഇറാനുമായി ബന്ധമുള്ള എണ്ണക്കപ്പൽ വെനസ്വേല തീരത്ത് നിന്ന് യു.എസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. യു.എസ് നീക്കത്തിനുള്ള തിരിച്ചടിയായിട്ടാണോ ഒമാൻ ഉൾക്കടലിൽ നിന്ന് ഇറാൻ കപ്പൽ പിടിച്ചെടുത്തതെന്ന് സംശയം ഉയരുന്നുണ്ട്. വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും നിരോധിത എണ്ണ കടത്തുന്ന അനധികൃത ശൃംഖലയുടെ ഭാഗമെന്ന് കാട്ടി മാർഷൽ ഐലൻഡ്സ് ആസ്ഥാനമായുള്ള കമ്പനിയുടെ കപ്പലാണ് യു.എസ് പിടിച്ചെടുത്തത്. വെനസ്വേലയുടെ 18 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കപ്പലിലുണ്ടായിരുന്നത്.