എച്ച് - 1 ബി വിസ: ഫീസിനെതിരെ യു.എസ് സംസ്ഥാനങ്ങൾ കോടതിയിൽ

Sunday 14 December 2025 6:42 AM IST

വാഷിംഗ്ടൺ : എച്ച്- 1 ബി വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കേസ് ഫയൽ ചെയ്ത് യു.എസിലെ 20 സംസ്ഥാനങ്ങൾ. സർക്കാർ നീക്കം നിയമ വിരുദ്ധമാണെന്നും അവശ്യ പൊതുസേവനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് എച്ച്- 1 ബിയിൽ നിരവധി പേർ എത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കാലിഫോർണിയ, മസാച്യുസെറ്റ്സ് അറ്റോർണി ജനറൽമാരുടെ നേതൃത്വത്തിൽ ബോസ്റ്റണിലെ ഫെഡറൽ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

എച്ച്- 1 ബി വർക്കർ വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഒറ്റത്തവണ ഫീസ് ഏർപ്പെടുത്തിയത് സെപ്തംബർ 21ന് പ്രാബല്യത്തിൽ വന്നിരുന്നു. നിലവിൽ സാധുവായ എച്ച്- 1 ബി വിസയുള്ളവർക്ക് ഫീസ് ബാധകമല്ല. എഫ്-1 വിദ്യാർത്ഥി വിസയിലുള്ളവർ രാജ്യം വിടാതെ എച്ച് - 1 ബി വിസയിലേക്കു മാറാൻ അപേക്ഷിക്കുമ്പോഴും നിരക്ക് ബാധകമല്ല. യു.എസിന് പുറത്തുള്ളവർക്ക് വേണ്ടിയുള്ള എച്ച് - 1 ബി അപേക്ഷയ്ക്ക് മാത്രമാണ് ഫീസ് നൽകേണ്ടത്.