വെടിനിറുത്തൽ: ട്രംപിന്റെ വാദം തള്ളി തായ്‌ലൻഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു
ബാങ്കോക്ക്: തായ്‌ലൻഡ് - കംബോഡിയ അതിർത്തിയിൽ വെടിനിറുത്തൽ പുനഃസ്ഥാപിക്കാൻ ധാരണയിലെത്തിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി തായ്‌ലൻഡ്. കംബോഡിയയ്ക്കെതിരെ ഏറ്റുമുട്ടലുമായി മുന്നോട്ടുപോകുമെന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പ്രഖ്യാപിച്ചു. തങ്ങളുടെ ഭൂമിയ്ക്കോ ജനങ്ങൾക്കോ ഭീഷണിയില്ലെന്ന് ബോദ്ധ്യമാകും വരെ സൈനിക നടപടി തുടരുമെന്നും അനുതിൻ പറയുന്നു.
ഒക്ടോബറിലാണ് ട്രംപിന്റെ മദ്ധ്യസ്ഥതയിൽ ഇരുരാജ്യങ്ങൾക്കുമിടെയിൽ സമാധാന കരാർ പ്രാബല്യത്തിൽ വന്നത്. ഈ മാസം 8ന് കരാർ ലംഘിച്ച് 817 കിലോമീറ്റർ നീളുന്ന അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടൽ തുടങ്ങി.
അനുതിനുമായും കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. പിന്നാലെ ഇന്നലെ പുലർച്ചെയാണ് ആക്രമണം നിറുത്താൻ ഇരുവരും സമ്മതിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ കംബോഡിയയോ തായ്‌ലൻഡോ ട്രംപിന്റെ അവകാശവാദത്തെ സ്ഥിരീകരിച്ചില്ല. മണിക്കൂറുകൾക്കുള്ളിൽ കംബോഡിയയിൽ തായ് യുദ്ധവിമാനങ്ങൾ ബോംബിടുകയും ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ ഷെല്ലാക്രമണങ്ങളും വെടിവയ്പുകളുമുണ്ടായി.
ഇതിനിടെ, കംബോഡിയയിലെ കോ കോംഗ് പ്രവിശ്യയ്ക്ക് നേരെ തായ്ലൻഡ് ഉൾക്കടലിൽ നിലയുറപ്പിച്ച തായ് നാവിക സേനാ കപ്പലിൽ നിന്നും ഷെല്ലാക്രമണമുണ്ടായി. ഇന്നലെ 4 തായ് സൈനികർ കൂടി കൊല്ലപ്പെട്ടതോടെ സംഘർഷത്തിനിടെയുണ്ടായ ആകെ മരണം 26 ആയി ഉയർന്നു (11 കംബോഡിയൻ പൗരന്മാരും 15 തായ് സൈനികരും).
വഴങ്ങാതെ അനുതിൻ
ഇതിനിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം മുന്നോട്ടുവച്ച മദ്ധ്യസ്ഥ നീക്കത്തിന് കംബോഡിയ പച്ചക്കൊടി വീശി. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30 മുതൽ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ നിറുത്തണമെന്നും ചർച്ചകൾ തുടരാമെന്നും അൻവർ അറിയിച്ചിരുന്നു.
മലേഷ്യൻ പ്രതിരോധ സേനാ മേധാവിയുടെ നേതൃത്വത്തിലെ ആസിയാൻ നിരീക്ഷണ സംഘത്തെ അതിർത്തിയിലേക്ക് അയക്കാമെന്നും യു.എസ് സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. അൻവറിന്റെ നിർദ്ദേശത്തെ കംബോഡിയ സ്വാഗതം ചെയ്തു.
എന്നാൽ ഒരു കരാറും ഇല്ലെന്നാണ് അനുതിൻ ഇതുസംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്. ഇതിനിടെ, തായ്ലൻഡുമായുള്ള എല്ലാ അതിർത്തി ക്രോസിംഗുകളും കംബോഡിയ അടച്ചു.