'ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്രചെയ്യുമ്പോൾ ഇങ്ങനൊരു പ്രശ്നം ആരും പ്രതീക്ഷിക്കില്ല'; ചർച്ചയായി യുവതിയുടെ പോസ്‌റ്റ്
പട്ന: ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്രചെയ്യുന്നവർ നേരിടേണ്ടി വരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഒരുപാടാണ്. പ്രത്യേകിച്ച് സ്‌ത്രീകളുടെ കാര്യത്തിൽ അതിന്റെ അളവ് കൂടാം. ശാന്തമായി പൊയ്‌ക്കൊണ്ടിരിക്കുന്ന യാത്രയിൽ വളരെ പെട്ടെന്നാകാം അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത്. അത്തരത്തിലുണ്ടായ തന്റെ അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യാത്രക്കാരി.
ജനറൽ കംപാർട്ടുമെന്റിൽ പെട്ടെന്നുണ്ടായ തിരക്കിനെ തുടർന്ന് പുറത്ത് കടക്കാനാകാതെ ടോയ്‌ലെറ്റിനുള്ളിൽ കുടുങ്ങിയതിനെക്കുറിച്ചാണ് യുവതി പറയുന്നത്. ബീഹാറിലെ കതിഹാർ ജംഗ്ഷനിൽ ട്രെയിൻ നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം യുവതി ടോയ്‌ലെറ്റിനുള്ളിലായിരുന്നു. പുറത്ത് കടക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന് ട്രെയിനുള്ളിലേക്ക് 40 ഓളം പുരുഷന്മാർ ഇരച്ചുകയറുകയും കോച്ചിൽ തിക്കും തിരക്കും ഉണ്ടാകുകയും ചെയ്‌തു. ഇതിനിടയിൽ നിന്ന് പുറത്ത് കടക്കാനാകാതെ യുവതി ടോയ്‌ലെറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഒറ്റയ്‌ക്കുള്ള യാത്രയായതിനാൽ സഹായത്തിനായി മറ്റാരെയും ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. തുടർന്ന് റെയിൽവേ ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെട്ടു. പിന്നീട് ആർപിഎഫ് എത്തിയാണ് യുവതിയെ അവിടെ നിന്ന് പുറത്തിറക്കിയത്. തനിക്കുണ്ടായ അനുഭവം വളരെയധികം ഭീതിപ്പെടുത്തുന്നതായിരുന്നെന്നും സുരക്ഷിതത്വം ഇല്ലെന്ന് തോന്നിയതിനാലാണ് ടോയ്‌ലെറ്റിൽ നിന്ന് പുറത്ത് കടക്കാതിരുന്നതെന്നും യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. റെയിൽ പ്രൊട്ടക്ഷൻ ഫോഴ്സ് എത്തുന്നതുവരെ തന്റെ സുരക്ഷക്കായി റെക്കോർഡ് ചെയ്‌ത വീഡിയോയും അവർ പങ്കുവച്ചു.
യുവതിയുടെ സമയോചിതമായ പെരുമാറ്റത്തെയും ആർപിഎഫിന്റെ പെട്ടെന്നുള്ള ഇടപെടലിനെയും ആളുകൾ അഭിനന്ദിച്ചു. ഒറ്റയ്‌ക്കുള്ള യാത്രകളിലെ സുരക്ഷയ്‌ക്കായി എപ്പോഴും മൊബൈൽ ഫോൺ കൈയിൽ കരുതണമെന്നും പലരും അഭിപ്രായപ്പെട്ടു.