ആഹ്ലാദപ്രകടനത്തിനിടെ എൽ.ഡി.എഫ് ആക്രമണം: കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Sunday 14 December 2025 9:06 PM IST

കുന്നംകുളം: പുന്നയൂർക്കുളം കിഴക്കേ ചെറായിയിൽ എൽ.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിനിടെ കുട്ടികൾ ഉൾപ്പെടെ 11 പേരെ ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ നിരഞ്ജൻ(14) കൈലാസ്(12) കനിഷ്മ(17),വൈഷ്ണ(13), ശ്രീലക്ഷ്മി(13),വേദ ജാനകി(13),സായികൃഷ്ണ(14),നിവേദ(11),ഗോപാലൻ(75),മണി(63),രഞ്ജിത്ത്(28)എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം 5 മണിയോടെയായിരുന്നു സംഭവം. എൽ.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനമായി പോകുന്നതിനിടെ കുട്ടികൾ ഫുട്ബാൾ കളിക്കുന്നതിനിടയിലേക്ക് പടക്കം പൊട്ടിച്ച് എറിയുകയായിരുന്നു. സംഭവം സ്ഥലത്തുണ്ടായിരുന്ന രഞ്ജിത്ത് ചോദ്യംചെയ്തതോടെ രഞ്ജിത്തിനെയും ഗോപാലനെയും സംഘം മർദ്ദിച്ചു. തുടർന്ന് തടയാൻ ചെന്ന വിദ്യാർത്ഥികളെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവ ത്തിൽ വടക്കേക്കാട് പൊലീസിൽ പരാതി നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂർ അസി. പൊലീസ് കമ്മിഷണർ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.