കേരള കോൺഗ്രസിന്റെ 'പ്രായത്തിനും" ഗ്രൂപ്പായി
കോട്ടയം: പാലായിലെ തോൽവിയോടെ കീറാമുട്ടിയായ ജോസ് - ജോസഫ് തമ്മിലടിക്ക് ഇന്ധനമായി കേരള കോൺഗ്രസിന്റെ 'പ്രായവും". ഇരുവിഭാഗവും ഇന്നലെ കോട്ടയത്ത് വെവ്വേറെ സംഘടിപ്പിച്ച പാർട്ടി ജന്മദിനാഘോഷത്തിലാണ് 'പ്രായം" വില്ലനായത്. പാർട്ടിയുടെ 55-ാം പിറന്നാൾ സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് ജോസ് വിഭാഗം കേക്കു മുറിച്ചാഘോഷിച്ചത്. എന്നാൽ അഞ്ചു കിലോമീറ്റർ അകലെയുള്ള റബർ ഭവനിൽ ജോസഫ് വിഭാഗം പാർട്ടിയുടെ 56-ാം ജന്മദിനമാണ് ആഘോഷിച്ചത്. പാർട്ടിയുടെ വയസ് കുറച്ചതിലൂടെ ജോസ് കെ. മാണിക്ക് പക്വതയില്ലെന്ന് തെളിഞ്ഞെന്നാണ് ജോസഫ് വിഭാഗത്തിന്റെ പരിഹാസം. അതേസമയം ജോസഫിന് കണക്ക് തെറ്റിയെന്നും 55-ാം ജന്മദിനമാണെന്നുമാണ് ജോസ് വിഭാഗം ആണയിടുന്നത്.
1964 ഒക്ടോബർ ഒമ്പതിനാണ് കേരള കോൺഗ്രസ് പിറന്നത്. അന്നുതൊട്ടു കൂട്ടിയാൽ 56ലേക്ക് കടന്നുവെന്നു പറയാം. വർഷക്കണക്കെടുത്താൽ 55 എന്നും പറയാം. അന്ന് കെ.എം. മാണി കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു വർഷം കഴിഞ്ഞ് പാലാ തിരഞ്ഞെടുപ്പിലാണ് മാണി കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായത്. മാണി കേരള കോൺഗ്രസിൽ ചേർന്നതു മുതൽ ജോസ് കണക്കുകൂട്ടിയത് കൊണ്ടാണ് ഒരു വയസ് കുറഞ്ഞതെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പരിഹാസം.
സമ്മേളന വേദികളിൽ അനുയായികളുടെ കൈയടിക്കായി കൊണ്ടും കൊടുത്തുമാണ് ജോസും ജോസഫും മറ്റ് നേതാക്കളും പ്രസംഗിച്ചത്. അതിനിടെ പി.സി. തോമസ്, അനൂപ് ജേക്കബ് എന്നിവരും കോട്ടയത്ത് പാർട്ടി ജന്മദിന സമ്മേളനം നടത്തി.
'അശ്രദ്ധമായ ഡ്രൈവിംഗ് കാരണം ടയർ പഞ്ചറായി കാറ്റു പോയ വണ്ടി മതിലിലിടിച്ചു തകർന്നു നിൽക്കുന്ന അവസ്ഥയിലാണ് ജോസിന്റെ പാർട്ടിയിപ്പോഴുള്ളത്.
- പി.ജെ. ജോസഫ്
'പാലായിൽ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. അതിന്റെ കാരണങ്ങൾ പഠിക്കും. പ്രതികരിക്കേണ്ട കാര്യങ്ങളിൽ പ്രതികരിക്കും. പരാജയം കണ്ടു പതറുന്ന തൊട്ടാവാടികളല്ല ഞങ്ങൾ.
- ജോസ് കെ. മാണി