അപകടാവസ്ഥയിലുള്ള ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിച്ചു
തൊടുപുഴ: നഗരസഭ കാര്യാലയത്തിനു മുന്നിൽ അപകടാവസ്ഥയിൽ നിന്നിരുന്ന ട്രാൻസ്‌ഫോർമർ കെ.എസ്.ഇ .ബി അധികൃതർ മാറ്റി സ്ഥാപിച്ചു. നഗരസഭ ഓഫീസിന്റെയും പൊലീസ് സ്റ്റേഷന്റെയും മുന്നിൽ നിന്നിരുന്ന ട്രാൻസ്‌ഫോർമറാണ് അധികൃതർ ഇന്നലെ മാറ്റി സ്ഥാപിച്ചത്. രാവിലെ 7ന് തുടങ്ങിയ പണി വൈകിട്ട് 7നാണ് അവസാനിച്ചത്. ട്രാൻസ്‌ഫോർമർ അപകടാവസ്ഥയിലായതിനെ തുടർന്ന് പരിശോധന നടത്തിയ നഗരസഭ സെക്രട്ടറി, അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ ഇരുമ്പ് തൂണുകൾ രണ്ടും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന പ്രധാനപാതയോട് ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമർ ഏതെങ്കിലും സാഹചര്യത്തിൽ മറിഞ്ഞാൽ വലിയ അപകടമുണ്ടാകുമായിരുന്നു. ഇക്കാര്യം കേരളകൗമുദിയും വാർത്ത നൽകിയിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അസി. എഞ്ചിനീയർ രശ്മിയുടെ നേതൃത്വത്തിൽ അധികൃതർ തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.