തെരുവ്നായ് ശല്യം : പ്രദേശവാസികൾ ഭീതിയിൽ

Monday 15 December 2025 1:10 AM IST

മലയിൻകീഴ്: ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷം. വഴിയാത്രക്കാരും നാട്ടുകാരും നായ്ക്കളെ ഭയന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. ആളുകൾക്കു നേരെയുള്ള ആക്രമണവും പതിവാണ്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് നടയിൽ വഴിയാത്രക്കാരനെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലും നായ്ക്കൾ വ്യാപകമായിട്ടുണ്ട്. നിരവധി പരാതികൾ ഉയർന്നെങ്കിയും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ എന്നീ പഞ്ചായത്തുകളിലും നായ് ശല്യമുണ്ട്. രാത്രി കാലങ്ങളിൽ ഇവ വീടുകളിലെത്തി വളർത്തുമൃഗങ്ങളായ ആട്,പശു,കോഴി,വളർത്തുപൂച്ച എന്നിവയെ കടിച്ച് കൊല്ലുന്നതായി നാട്ടുകാർ പരാതിപെട്ടു. മലയിൻകീഴ്, ശാന്തിനഗർ, താലൂക്ക് ആശുപത്രിക്ക് മുന്നിലും തെരുവ് നായ്ക്കളുടെ കൂട്ട മുണ്ടാകും. അടുത്തിടെ ചികിത്സക്കെത്തിയ കുട്ടിയെ തെരുവ്നായ് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മാറനല്ലൂർ ചീനിവിള,പോങ്ങുംമൂട്,അണപ്പാട്,ആനമൺ തുടങ്ങിയ സ്ഥലങ്ങളിലും ശല്യമുണ്ട്.റോഡ് സൈഡിലും കടകൾക്ക് മുന്നിലും താവളമാക്കിയ നായ്ക്കൾ അപ്രതീക്ഷിതമായി ആക്രമിക്കുകയാണ് പതിവ്. വിളപ്പിൽശാല ഗവ.ആശുപത്രി, പൊതുമാർക്കറ്റ്, ബസ് സ്റ്റാൻഡ്,സ്കൂൾ ഗേറ്റ് ഇടങ്ങളിലും നായ്ക്കളാണ്.

 മാലിന്യ നിക്ഷേപം

മാലിന്യ നിക്ഷേപം വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ ഇവിടെ താവളമാക്കാൻ കാരണം. ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നായ്ക്കൾ റോഡിലെടുത്ത് ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. ചെറുകോട്-മിണ്ണംകോട്, കരുവിലാഞ്ചി-മൂങ്ങോട്, മൂങ്ങോട്-അന്തിയൂർക്കോണം, ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ് എന്നിവിടങ്ങളിലും നായ് ശല്യമുണ്ട്.

 വിഹാര കേന്ദ്രങ്ങൾ കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ് ഊറ്റുപാറ,മലയിൻകീഴ് ഗവ.ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളും നായ്ക്കളുടെ താവളമാണ്. ശാന്തി നഗറിലെ ആയുർവേദ ആശുപത്രി രാത്രികാലങ്ങളിൽ നായ് ശല്യം കാരണം സമീപവാസികൾക്ക് സ്വസ്തമായി വീടുകളിൽ കഴിയാൻ പറ്റാത്ത സ്ഥിതിയാണ്. മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം ശല്യമുണ്ട്. മലയിൻകീഴ് ക്ഷേത്രജംഗ്ഷൻ,പാപ്പനംകോട് റോഡ് എന്നിവിടങ്ങളിലുമുണ്ട്.പടവൻകോട്,പേയാട്,പള്ളിമുക്ക്,മാർക്കറ്റ് ജംഗ്ഷൻ,പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ ശല്യമുണ്ട്.