ജി. സുധാകരന്റേത് പെരുമാറ്റച്ചട്ട ലംഘനമല്ല
Thursday 10 October 2019 12:58 AM IST
തിരുവനന്തപുരം: മന്ത്രി ജി. സുധാകരൻ അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ മോശം പരാമർശം നടത്തിയെന്ന പരാതിയിൽ മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഷാനിമോളുടെ ചീഫ് ഇലക്‌ഷൻ ഏജന്റിന്റെ പരാതിയെത്തുടർന്ന് ഡി.ജി.പിയിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകി. ഇവ പരിശോധിച്ച ശേഷമാണ് പരാതിയിൽ തീർപ്പുകൽപ്പിച്ചത്. റിപ്പോർട്ടുകളും വീഡിയോയും പരിശോധിച്ചു. ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശ്യത്തോടെ നടത്തിയ പരാമർശമല്ല അതെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.