തോൽവി രുചിച്ച് പഴയന്നൂരിലെ നേതാക്കൾ
ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണപ്രതിപക്ഷ മുന്നണികളെ ഞെട്ടിച്ച് പ്രമുഖ നേതാക്കളുടെ പരാജയം. പ്രാദേശിക രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വൻമരങ്ങളാണ് കടപുഴകി വീണത്. പഴയന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റായ പി.കെ.മുരളീധരൻ, തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഉദയൻ, തിരുവില്വാമല പഞ്ചായത്തിലെ പ്രമുഖ പ്രതിപക്ഷ നേതാവും സി.പി.എം ലോക്കൽ സെക്രട്ടറിയുമായ കെ.പി.ഉമാശങ്കർ എന്നിവർ പരാജയപ്പെട്ടു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന പി.സുലൈമാൻ, ചേലക്കര മുൻ പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ടി.എം.കൃഷ്ണന്റെ പരാജയവും ചർച്ചയായി. വർഷങ്ങളായി ഭരണരംഗത്തും പാർട്ടി നേതൃത്വത്തിലും നിർണായക സ്ഥാനം വഹിച്ചിരുന്ന നേതാക്കളുടെ പരാജയം പാർട്ടികളിൽ തലമുറ മാറ്റത്തിനും വഴിവച്ചേക്കും.