കിട്ടിയതെവിടെ, പൊട്ടിയതെവിടെ? പഠിച്ച് മുന്നണികൾ

Tuesday 16 December 2025 12:01 AM IST

തൃശൂർ: മുന്നേറ്റമുണ്ടായെങ്കിലും പാഠങ്ങൾ പഠിച്ച് യു.ഡി.എഫ്. അട്ടിമറികളുടെ പിന്നാമ്പുറങ്ങൾ തേടി എൽ.ഡി.എഫ്. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിന്റെ കാരണങ്ങൾ തേടി എൻ.ഡി.എ.തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മുന്നണിയിൽ ചർച്ച കൊഴുക്കുകയാണ്. പാർട്ടിയിലെ കെട്ടുറപ്പിന്റെ കൂടി വിജയമാണിതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി. സീനിയർ നേതാക്കൾ മുതൽ പ്രവർത്തകർ വരെ ഒരുമിച്ച് നിന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് വാർഡുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതാണ് വിജയം നേടാൻ സാധിച്ചതെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. പരാജയം എന്തുകൊണ്ട് സംഭവിച്ചു എന്നത് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി പാളിച്ചകൾ തിരുത്തുമെന്ന് സി.പി.എം.ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ വ്യക്തമാക്കി. ജില്ലയിൽ നിലവിൽ ഉണ്ടായിരുന്ന ജനപ്രതിനിധികളുടെ എണ്ണത്തിൽ വൻ വർദ്ധന ഉണ്ടായെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അവകാശപ്പെടുന്നുണ്ടെങ്കിലും കോർപറേഷനിൽ പ്രതീക്ഷ മുന്നേറ്റം നേടാൻ കഴിയാത്ത കാരണമാണ് ബി.ജെ.പി പരിശോധിക്കുന്നത്.

യു.ഡി.എഫ്

തുണച്ചത്

  • സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളുടേയും കീഴ്ഘടകങ്ങളുടേയും നിർദ്ദേശങ്ങൾ
  • വിമതരെ തുടക്കത്തിലേ ഒതുക്കി
  • സമവായവും പാർട്ടിതല നടപടികളും ശക്തമാക്കി

തിരിച്ചടിച്ചത്

  • മുനിസിപ്പാലിറ്റികളിൽ വേണ്ടത്ര ഒത്തൊരുമയോടെ പ്രവർത്തനവും പ്രചാരണവും നടത്താനായില്ല
  • ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായില്ല

എൽ.ഡി.എഫ്:

തുണച്ചത്

  • താഴെത്തട്ടിലെ ചിട്ടയായ പ്രവർത്തനങ്ങൾ പഞ്ചായത്തുകളിലും നഗരസഭകളിലും പിടിച്ചുനിറുത്തി
  • വികസനപ്രവർത്തനങ്ങൾക്ക് പരമാവധി പ്രചാരണം നൽകി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു

തിരിച്ചടിച്ചത്

  • സി.പി.എമ്മിലെ സ്ഥാനാർത്ഥി നിർണ്ണയവും പ്രവർത്തനങ്ങളും വ്യക്തിതാൽപര്യങ്ങൾക്ക് കീഴടങ്ങി
  • അമിതമായ ആത്മവിശ്വാസവും മറ്റ് മുന്നണികളെ ഗൗരവത്തിലെടുക്കാതെയുമുളള പ്രവർത്തനം

എൻ.ഡി.എ:

തുണച്ചത്

  • കേന്ദ്രസർക്കാരിന്റെ വികസനങ്ങൾ ജനങ്ങളിലെത്തിച്ചും വിശ്വാസികളെ കയ്യിലെടുത്തുളള പ്രചാരണം
  • ബി.ജെ.പിയെ മൂന്ന് ജില്ലകളാക്കിയുളള പ്രവർത്തനവും പ്രചാരണപരിപാടികളും

തിരിച്ചടിച്ചത്

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രചാരണം വൻ മുന്നേറ്റമുണ്ടാക്കുമെന്ന അമിതപ്രതീക്ഷ
  • ബി.ജെ.പി പ്രതീക്ഷിച്ച സീറ്റുകൾ പലതും കോൺഗ്രസിന് ലഭിച്ചു, ഗ്രാമങ്ങളിലെ പ്രവർത്തനങ്ങളും ഫലിച്ചില്ല