നിതിൻ നബിൻ ബി.ജെ.പി ദേശീയ വർക്കിംഗ് പ്രസിഡന്റ്

Monday 15 December 2025 1:17 AM IST

ന്യൂഡൽഹി: ബീഹാർ പൊതുമരാമത്ത് വകുപ്പു മന്ത്രി നിതിൻ നബിനെ ബി.ജെ.പി ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന പാ‌ർട്ടി പാർലമെന്ററി ബോർഡാണ് സംഘ‌ടനയിൽ തലമുറ മാറ്റത്തിന്റെ സൂചന നൽകുന്ന തീരുമാനമെടുത്തത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് തീരുമാനം പുറത്തുവിട്ടത്.

മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിലുള്ള നിതിൻ (45) മുന്നാക്ക സമുദായമായ കായസ്ഥ വിഭാഗത്തിലെ നേതാവാണ്. ജെ.പി. നദ്ദ ദേശീയ അദ്ധ്യക്ഷ സ്ഥാനമൊഴിയുമ്പോൾ നിതിൻ ആ പദവിയിലെത്തിയേക്കും. നദ്ദയുടെ കാലാവധി 2024 ജനുവരിയിൽ അവസാനിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി നീട്ടുകയായിരുന്നു.

മുതിർന്ന നേതാവ് നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് നിതിൻ. പാട്നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ എം.എൽ.എയായി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി, യുവമോർച്ച ബീഹാർ അദ്ധ്യക്ഷൻ, സിക്കിം-ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലകൾ എന്നിവ വഹിച്ചിട്ടുണ്ട്.

ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായ നിതിൻ നബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. നിതിന്റെ ഊർജ്ജവും സമർപ്പണവും പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് തനിക്കുറപ്പുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു.