യു.എസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്: 2 മരണം

Monday 15 December 2025 6:45 AM IST

വാഷിംഗ്ടൺ: യു.എസിലെ റോഡ് ഐലൻഡിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്. 2 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ശനിയാഴ്ച വൈകിട്ട് 4.05നായിരുന്നു (ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 2.35 ) സംഭവം. അക്രമിയായ യുവാവിനെ മണിക്കൂറുകൾക്ക് ശേഷം ഒരു ഹോട്ടലിൽ നിന്ന് പിടികൂടി. ഇയാൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയല്ലെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ക്യാമ്പസിലെ ബാരസ് ആൻഡ് ഹോളി എൻജിനിയറിംഗ് ആൻഡ് ഫിസിക്‌സ് ബിൽഡിംഗിലെ ഒന്നാം നിലയിലെ ക്ലാസ് മുറിയിൽ പരീക്ഷ നടക്കുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. തുറന്നുകിടന്ന വാതിലിൽ നിന്നാണ് അക്രമി വെടിവയ്പ് നടത്തിയത്. പിന്നാലെ ഇയാൾ ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു.