ടൂറിസ്റ്റ് എന്ന പേരിലെത്തി നടത്തിയത് വൻ കവർച്ച, ഒമാനിൽ ജുവലറിയിൽ നിന്ന് മോഷ്‌ടിച്ചത് 23 കോടിയുടെ സ്വർണം
മസ്‌കറ്റ്: ടൂറിസ്റ്റുകൾ എന്ന പേരിലെത്തി ഒമാനിലെ ജുവലറിയിൽ കയറി വൻ മോഷണം നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. മസ്‌കറ്റ് പൊലീസും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവസ്റ്റിഗേഷനും ചേർന്നാണ് ടൂറിസ്റ്റ് വേഷത്തിലെത്തിയ പെരുംകള്ളന്മാരെ പിടിച്ചത്. ഒരു മില്യൺ ഒമാനി റിയാലിന്റെ ആഭരണങ്ങളാണ് ഇവർ കട്ടെടുത്തത്.
ഖുബ്‌റയിലെ ജുവലറിയോട് ചേർന്നുള്ള ഹോട്ടലിലാണ് യൂറോപ്പിൽ നിന്നെത്തിയ പ്രതികൾ രണ്ടുപേരും മുറിയെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ ജുവലറിയുടെ പിന്നിലെ മതിൽ ടൂൾസ് ഉപയോഗിച്ച് തകർത്താണ് കള്ളന്മാർ ഉള്ളിൽ കയറിയത്. ധാരാളം ആഭരണങ്ങളും പണവും ഇവർ മോഷ്‌ടിച്ചു.
ടൂറിസ്റ്റ് വിസയിലാണ് ഇരുവരും ഒമാനിലെത്തിയത്. അൽസിഫയിലെ ബീച്ചിൽ കുഴിച്ചിട്ട നിലയിലാണ് സ്വർണം പൊലീസ് കണ്ടെത്തിയത്. ഒരു ബോട്ട് വാടകയ്‌ക്കെടുത്ത് ഉല്ലാസസവാരി എന്ന പേരിലാണ് മോഷ്‌ടാക്കൾ അൽസിഫയിലെത്തിയത്. മോഷ്‌ടിച്ച സ്വർണം നാട്ടിലേക്ക് കടത്താൻ തന്നെയായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൊലീസ് 23 കോടി രൂപ വിലവരുന്ന സ്വർണമടക്കം പിടിച്ചെടുത്ത് ഇവരെ അറസ്റ്റ് ചെയ്‌തു.