എൻ.എസ്.എസ് നിലപാട് സ്വാഗതാർഹം: രമേശ് ചെന്നിത്തല

Thursday 10 October 2019 12:04 AM IST

തിരുവനന്തപുരം: സമദൂരം വിട്ട് ശരിദൂരം സ്വീകരിക്കുമെന്ന എൻ.എസ്.എസ് നിലപാട് സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ നിലപാട് യു.ഡി എഫിന് ഗുണം ചെയ്യും.

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൻ.എസ്.എസ് കൈക്കൊണ്ട നിലപാട് ശരിയാണ്. യു.ഡി.എഫ് അതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ശബരിമല വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ വിശ്വാസികൾക്ക് എതിരായിരുന്നു. ഇക്കാര്യത്തിൽ വസ്തുതകൾ മനസ്സിലാക്കിയുള്ള പ്രതികരണമാണ് അവരുടേത്. വിശ്വാസികൾക്കെതിരായ നിലപാടുകളെ ശക്തമായി എതിർത്തതും എൻ.എസ്.എസ് ആയിരുന്നു. കോൺഗ്രസ്സും യു.ഡി.എഫും ഇക്കാര്യത്തിൽ എൻ.എസ് .എസിന്റെ നിലപാടുകൾക്ക് ഒപ്പമായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസ സമൂഹത്തെ വഞ്ചിച്ച സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരായ ശക്തമായ താക്കീതായാണ് എൻ.എസ്.എസിന്റെ ഇപ്പോഴത്തെ നിലപാടിനെ കാണേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.