'തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും, കേരളത്തിന്റെ ഭാവി ഇടതുപക്ഷത്തിൽ'; തിരിച്ചുവരവ് നടത്തുമെന്ന് ബിനോയ് വിശ്വം

Monday 15 December 2025 10:09 AM IST

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി ഇടതുപക്ഷത്തിലാണെന്നും ഉടൻ തിരിച്ചുവരവ് നടത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കമ്മിറ്റികൾ അതേപ്പറ്റി ഗൗരവമായി പരിശോധിക്കാൻ കടപ്പെട്ടിരിക്കുന്നു. അതേപ്പറ്റി ആത്മാർത്ഥമായി പരിശോധിച്ച് തെറ്റുകൾ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'നിയമസഭാ തിരഞ്ഞെടുപ്പിന് സമയം വളരെ കുറച്ചേ ഉള്ളൂ. ഈ കുറഞ്ഞ സമയത്ത് ഞങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ചകൾ പരിശോധിക്കണം. ആവശ്യമായ തിരുത്തലുകൾ വേണ്ടിവരും. തെറ്റുകളുണ്ടെന്ന് കണ്ടെത്തിയാൽ അവ സമ്മതിക്കാൻ ഞങ്ങൾ മടിക്കില്ല. ആ തെറ്റുകൾ തിരുത്താനും അമാന്തമുണ്ടാകില്ല. അത് കമ്മ്യൂണിസത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് ഭാവിയെപ്പറ്റി ഞങ്ങൾക്ക് തികഞ്ഞ ആശ്വാസമുണ്ട്'- ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി പരിശോധിക്കാൻ എൽഡിഎഫ് ഒരുങ്ങുകയാണ്. നിരവധി തദ്ദേശ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടെങ്കിലും അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നാണ് സിപിഎം വിലയിരുത്തൽ. മൂന്നാം ടേം പ്രതീക്ഷിക്കുന്ന സർക്കാരിന് ആശങ്കയുണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമായതിനാൽ അടിയന്തര അവലോകന യോഗങ്ങളിലേക്ക് കടക്കാനാണ് എൽഡിഎഫ് തീരുമാനം. ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. 14 ജില്ലകളിലെയും തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യും. നാളെ എൽഡിഎഫ് യോഗവും ചേരുന്നുണ്ട്.