ഓസ്ട്രേലിയയിൽ ഭീകരാക്രമണം നടത്തിയ യുവാവ് പാക് ക്രിക്കറ്റ് ജഴ്‌സിയണിഞ്ഞ ചിത്രം പുറത്ത്, ഐസിസ് ബന്ധമെന്ന് സൂചന
കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂത വംശജരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ വെടിവയ്പ്പ് നടത്തിയത് പാക് വംശജരായ പിതാവും മകനുമെന്ന് പൊലീസ്. 15 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സജീദ് അക്രം (50), മകൻ നവീദ് അക്രം (24) എന്നിവരാണ് ആക്രമണം നടത്തിയത്. സജീദിനെ സംഭവസ്ഥലത്തുവച്ചുതന്നെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിയേറ്റ നവീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നവീദ് അക്രമിന്റെ ന്യൂ സൗത്ത് വേൽസ് ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക് ക്രിക്കറ്റ് ടീമിന്റെ ജഴ്സിയാണ് ചിത്രത്തിൽ ഇയാൾ അണിഞ്ഞിരിക്കുന്നത്. 1998ൽ സ്റ്റുഡന്റ് വിസയിലാണ് സജീദ് അക്രം ഓസ്‌ട്രേലിയയിൽ എത്തിയത്. പിന്നീട് 2001ൽ പാർട്ണർ വിസയാക്കി മാറ്റുകയും തുടർന്ന് റെസിഡന്റ് റിട്ടേൺ വിസയാക്കി മാറ്റുകയും ചെയ്തു. നവീദ് അക്രം ഓസ്‌ട്രേലിയയിൽ ആണ് ജനിച്ചത്. പ്രതികളുടെ ഓസ്‌ട്രേലിയയിലെ ബോണിറിഗ്ഗിലെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. സജീദ് അക്രമിന് ആറ് തോക്ക് ലൈസൻസ് ഉണ്ടായിരുന്നു. ഈ തോക്കുകളെല്ലാം വെടിവയ്പ്പിന് ഉപയോഗിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
ഓസ്‌ട്രേലിയയിൽ പഴക്കട നടത്തുകയായിരുന്നു സജീദ്. നവീദ് നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്നുവെങ്കിലും രണ്ടുമാസം മുൻപ് ജോലി നഷ്ടമായി. മീൻ പിടിക്കാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം, ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ നവീദിനെക്കുറിച്ച് ആറുവർഷം മുൻപ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 2019 ജൂലായിൽ ഓസ്ട്രേലിയയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് അറസ്റ്റിലായ ഐസിസ് പ്രവർത്തകനുമായി നവീദിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. നവീദിനുപുറമെ പിതാവിനും ഐസിസ് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുടെ കാറിൽ നിന്ന് ഐസിസ് പതാക കണ്ടെടുത്തതായും വിവരമുണ്ട്.
ജൂത ആഘോഷമായ ഹാനക്കയുടെ ഭാഗമായി ഒത്തുകൂടിയവർക്ക് നേരെയായിരുന്നു വെടിവയ്പ്പുണ്ടായത്. പത്തിനും 87നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. 42 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മേഖലയിൽ സ്ഫോടനം നടത്താനും അക്രമികൾ പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ കാറിൽ കണ്ടെത്തിയ സ്ഫോടക വസ്തു പൊലീസ് നിർവീര്യമാക്കി.