കാറിനുള്ളിൽ യുവാവിന്റെ  മൃതദേഹം  കത്തിക്കരിഞ്ഞ  നിലയിൽ; കൊലപാതകമെന്ന് പൊലീസ്

Monday 15 December 2025 10:23 AM IST

മുംബയ്: കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഔസ ടാണ്ട സ്വദേശിയായ ഗണേഷ് ചവാനാണ് മരിച്ചത്. കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം.

യുവാവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഐസിഐസിഐ ബാങ്കിൽ റിക്കവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഗണേഷ്. പോസ്റ്റ്മോ‌ർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കെെമാറി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

'ഞായറാഴ്ച പുലർച്ചെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരുകയായിരുന്നു. വനവാഡ റോഡിൽ ഒരു കാറിന് തീപിടിച്ചെന്നാണ് വിളിച്ചവർ പറഞ്ഞത്. ഉടൻ ഞങ്ങൾ സ്ഥലത്തെത്തി. അഗ്നിശമനസേനയുടെ സഹായത്തോടെ തീയണച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു ചാക്കിനുള്ളിൽ കെട്ടിവച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്'- അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.