അമ്പത് ദിവസം ബിഗ് ബോസിൽ നിന്നു; പ്രതിദിനം ലഭിച്ചുകൊണ്ടിരുന്ന പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
മലയാളം അടക്കം പല ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ മോഹൻലാലാണ് ഷോയുടെ അവതാരകൻ. അടുത്തിടെയാണ് ബിഗ് ബോസ് സീസൺ 7 അവസാനിച്ചത്. നടി അനുമോളാണ് ഇത്തവണത്തെ വിജയി.
ലക്ഷക്കണക്കിന് രൂപയും കാറുമൊക്കെയാണ് അനുമോൾക്ക് കിട്ടിയത്. കോമണറായ അനീഷാണ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്. അനീഷിനും കൈനിറയെ സമ്മാനങ്ങൾ ലഭിച്ചു. മത്സരാർത്ഥികൾക്ക് എത്ര രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്നറിയാൻ ആരാധകർക്ക് ഏറെ ആകാംക്ഷയുണ്ട്. എന്നാൽ മിക്കവരും അത് തുറന്നുപറയാൻ തയ്യാറാകാറില്ല.
അടുത്തിടെ ബിഗ്‌ബോസ് സീസൺ നാലിനെ മത്സരാർത്ഥിയും സോഷ്യൽമീഡിയ ഇൻഫ്ളുവൻസറുമായ റോബിൻ രാധാകൃഷ്ണൻ തനിക്ക് കിട്ടിയ പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. തനിക്ക് 25000 രൂപയാണ് ദിവസവും കിട്ടിയിരുന്നതെന്നാണ് റോബിൻ പറഞ്ഞത്.
ഇപ്പോഴിതാ സീസൺ 2ലെ മത്സരാർത്ഥിയായ മഞ്ജു പത്രോസും തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. അമ്പത് ദിവസമായിരുന്നു മഞ്ജു ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞത്. പ്രതിദിനം 45,000 രൂപയായിരുന്നു ലഭിച്ചതെന്ന് നടി വ്യക്തമാക്കി.
'ഞാൻ സെക്കൻഡ് സീസണായിരുന്നു. അന്നൊക്കെ ബിഗ് ബോസിൽ നല്ല പെയ്‌മെന്റ് ഉണ്ടായിരുന്നുവെന്നാണ് ഞാൻ അറിഞ്ഞത്. അന്ന് എനിക്ക് ഒരു ദിവസം 45,000 രൂപയായിരുന്നു കിട്ടിയത്. അന്ന് ഡെയ്ലി പെയ്‌മെന്റായിരുന്നു. കോടിപതിയും ലക്ഷപ്രഭുവുമൊന്നുമായില്ല. ആ പൈസയ്ക്ക് വീടുവച്ചു.'- മഞ്ജു പത്രോസ് യൂട്യൂബ് ചാനലിനോട് പറഞ്ഞു.