'ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പ് ശരിവച്ച് കോൺഗ്രസ് എംപി

Monday 15 December 2025 12:11 PM IST

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും തമ്മിലുള്ള താരതമ്യം വിശകലം ചെയ്തുള്ള കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് എംപി ശശി തരൂർ. 'സിവിതാസ് സമീർ' എന്ന പേരിലുള്ള എക്‌‌സ് അക്കൗണ്ടിൽ നിന്നുള്ള വിശകലനമാണ് തരൂർ പങ്കുവച്ചത്. കോൺഗ്രസിനെ അതിരൂക്ഷമായാണ് വിശകലന കുറിപ്പിൽ വിമർശിച്ചിരിക്കുന്നത്. ഇതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ് പാർട്ടി.

'ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ഇരുവരെയും കൃത്യമായി തിരഞ്ഞെടുക്കാനോ സംയോജിപ്പിക്കാനോ യോജിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനോ കോൺഗ്രസിന് കഴിയാത്തതാണ്'- എന്നാണ് കുറിപ്പിൽ പറയുന്നത്.

ഇതിനെ ശരിവച്ചുകൊണ്ടാണ് തരൂർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 'ഈ ചിന്തനീയമായ വിശകലനത്തിന് നന്ദി. പാർട്ടിയിൽ എപ്പോഴും ഒന്നിലധികം പ്രവണതകൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ വിശകലനം ന്യായയുക്തവും നിലവിലെ യാഥാർത്ഥ്യത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുന്നതുമാണ്'- എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട് തരൂർ കുറിച്ചത്.

എന്തിനെയും എതിർക്കുക എന്നതായി കോൺഗ്രസിന്റെ സ്വഭാവം മാറിയെന്നും 'സിവിതാസ് സമീർ' പങ്കുവച്ച കുറിപ്പിൽ വിമർശിക്കുന്നുണ്ട്. ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ ഈ പ്രവണത അപകടകരമാണ്. ഭരണപരമായ ആദർശമില്ലാത്ത പ്രതിപക്ഷം രാഷ്ട്രീയമായ ജീർണതയാണെന്നും കുറിപ്പിൽ പറയുന്നു.