കൂട്ടമായെത്തി ഇരപിടിക്കും, ഈ പാമ്പുകളുടെ അടുത്ത് ആർക്കും രക്ഷയില്ല, അമ്പരപ്പിക്കുന്ന കണ്ടെത്തൽ

Monday 15 December 2025 12:56 PM IST

ഭൂമിയിൽ ജീവിച്ചുപോകാൻ പല വിചിത്രമായ രീതികളും സ്വീകരിക്കുന്നവരാണ് ജീവികൾ. ഇരപിടിക്കുന്ന ജീവികളിൽ ഒറ്റയ്‌ക്ക് ഇരതേടുന്നവരും കൂട്ടമായി ഇരതേടുന്നവരുമുണ്ട്. കടുവ, പുലി പോലുള്ളവ പലപ്പോഴും ഒറ്റയ്‌ക്കാണ് ഇരതേടുക. എന്നാൽ സിംഹം, കാട്ടുനായ, ചെന്നായ പോലുള്ള ജീവികൾ കൂട്ടത്തോടെയാണ് വേട്ടയാടുക. കൂട്ടമായി വേട്ടയാടുമ്പോൾ എത്രവലിയ ഇരയെയും എളുപ്പം പിടിക്കാനാകും എന്നത് വലിയ ഗുണമാണ്.

ഒറ്റയ്‌ക്ക് വേട്ടയാടുന്നവർ

പാമ്പുകൾ പക്ഷെ അങ്ങനെയല്ല. മിക്ക പാമ്പുകളും ഒറ്റയ്‌ക്കാണ് വേട്ടയാടുക. ഇരപിടിക്കുമ്പോൾ മാത്രമല്ല അവയുടെ ജീവിതവും പലപ്പോഴും ഒറ്റയ്‌ക്കാണ്. ഇണയെ കണ്ടെത്തി മുട്ടയിട്ട ശേഷം അതിന് അടയിരിക്കും. കുഞ്ഞുങ്ങൾ ജനിക്കുന്ന സമയമായാൽ പിന്നെ അവയെ വിട്ടുപോകുകയാണ് പതിവ്. എന്നാൽ ഇപ്പോഴിതാ കൂട്ടമായി വേട്ടയാടുന്ന ശീലമുള്ള ഒരു പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഗുഹയിൽ കണ്ട കാഴ്‌ച

2017ൽ ഒരു ജീവശാസ്‌ത്രജ്ഞൻ ക്യൂബയിലെ ഒരു ഗുഹയിൽ വളരെ വിശേഷപ്പെട്ട കാഴ്ച കണ്ടു. പാമ്പുകൾ കൂട്ടമായി വേട്ടയാടുന്നു. ജീവശാസ്‌ത്രജ്ഞനായ വ്ളാഡിമിർ ഡിനെറ്റ്‌സ് ആണ് ഈ കണ്ടെത്തൽ നടത്തിയത്. 16 അടി വരെ നീളം വയ്‌ക്കുന്ന ക്യൂബൻ ബോവ എന്ന കരീബിയൻ ദ്വീപുകളിൽ കാണുന്ന വംശനാശ ഭീഷണി നേരിടുന്ന വലിയ പാമ്പിന്റെ ഒരുകൂട്ടമാണ് ഇരകളെ വേട്ടയാടുന്നത് കണ്ടത്.

ഇവ ഒരേ സ്ഥലത്ത് എത്തി പ്രത്യേകം വേട്ടയാടുകയാണ് എന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഇവയ്‌ക്ക് തമ്മിൽ നല്ല സഹകരണം ഉണ്ടെന്നും കൂട്ടമായി ഇരയെ പിടിക്കാൻ സിംഹവും മറ്റും കൃത്യമായ സ്ഥലത്ത് ഒളിച്ചിരിക്കും പോലെ ഇവയും ചെയ്യുന്നതായും കണ്ടെത്തി.

എട്ട് ദിവസമാണ് വ്‌ളാഡിമിർ ആ ഗുഹയിൽ കഴിഞ്ഞ് പാമ്പുകളെ നിരീക്ഷിച്ചത്. ഇവയുടെ വേട്ടയാടൽ ചിട്ട ഇങ്ങനെയായിരുന്നു. ആദ്യം ഗുഹാമുഖത്തേക്ക് ഒരു പാമ്പ് എത്തുന്നു. പിന്നെ ഗുഹയിലെ ഒരു ഭിത്തിയിലോ, മുകളിലെ ചുമരിലോ അവ സ്ഥാനം പിടിക്കും. കൃത്യം സ്ഥാനത്ത് ഇരുന്നുകഴിഞ്ഞാൽ രണ്ടാമത്തെ പാമ്പ് എത്തും ആദ്യത്തെ പാമ്പിന് സമീപം അതും സ്ഥാനം കണ്ടെത്തും. ഇത്തരത്തിൽ ഒൻപത് പാമ്പുകളാണ് ഇരയെ പിടിക്കാൻ എത്തിയത്.

കൃത്യസ്ഥാനത്തിരുന്ന്‌ ഇരപിടിക്കും

ഗുഹയിൽ നിറയെ വവ്വാലുകൾ താമസമുണ്ട്. ഇവ പുറത്തേക്ക് കടക്കുമ്പോൾ തടഞ്ഞ് പിടികൂടി ശാപ്പിടാൻ പാകത്തിനാണ് പാമ്പുകൾ സ്ഥാനം പിടിച്ചിരുന്നത്. ഒറ്റയ്‌ക്ക് ഇരപിടിക്കാൻ ശ്രമിച്ച ക്യൂബൻ ബോവ പാമ്പുകൾക്ക് ഒരൊറ്റ വവ്വാലിനെയും പിടിക്കാനായില്ല. എന്നാൽ കൂട്ടമായി തയ്യാറായി നിന്ന പാമ്പുകൾക്ക് ധാരാളം ഇരയെ കുടുക്കാനായി. വലുപ്പത്തിലുള്ള ഒരു മതിൽ പോലെയാണ് പാമ്പുകൾ വഴിയിൽ നിന്നത്. മിക്ക വവ്വാലുകളും അത് ഭേദിക്കാൻ കഴിയാതെ ബുദ്ധിമുട്ടി. അവ പാമ്പിന്റെ ആഹാരമായി മാറി.

ഇങ്ങനെ ഇരയുള്ള സ്ഥലംമനസിലാക്കി തങ്ങളുടെ വേട്ടയാടൽ രീതി പരിഷ്‌കരിച്ചാണ് ബോവകൾ വിജയം കണ്ടതെന്ന് വ്ളാഡിമിർ കണ്ടെത്തി. പാമ്പുകളിൽ അപൂർവ്വമായ കൂട്ടമായുള്ള ഇരതേടലിൽ ഇവ വളരെ വിജയമാണെന്നും മനസിലാക്കാനായി.

പാമ്പുകളുടെ സ്വഭാവത്തെക്കുറിച്ച് ഇപ്പോഴും നമുക്ക് വളരെ കുറച്ചുമാത്രമേ അറിയൂ. അവയുടെ സ്വഭാവ നിരീക്ഷണ പ്രയാസകരമാണ്.പക്ഷികളുടെയോ സസ്‌തനികളുടെയോ സ്വഭാവത്തിൽ നിന്ന് തീർത്തും വ്യത്യസ്‌തമാണ് പാമ്പിന്റെ സ്വഭാവം. കൃത്യമായൊരു പാറ്റേൺ രൂപപ്പെടുത്തി അത്തരത്തിൽ പതിയിരുന്ന് ഇരയെ പിടികൂടുന്നതിൽ ക്യൂബൻ ബോവകൾ വളരെ വിജയമാണെന്ന് പഠനം നടത്തിയ ഓരോ രാത്രിയിലും വ്ളാ‌ഡിമിർ ഡിനെറ്റ്സ് മനസിലാക്കി.

ഇതിനർത്ഥം അവ ഒറ്റയ്‌ക്ക് ഇരതേടുന്നില്ല എന്നല്ല. അവ നിശ്ചിത ദിവസങ്ങളിൽ മാത്രമാണ് കൃത്യമായി മറ്റ് പാമ്പുകൾക്കൊപ്പം ചേർന്ന് വേട്ടയാടുന്നത്. എന്തുകൊണ്ടാണ് ഇവയ്‌ക്ക് മാത്രം ഇത്തരത്തിൽ കൂട്ടമായി വേട്ടയാടുന്ന ശീലം വന്നതെന്ന് ഗവേഷകർ ചിന്തിക്കുന്നുണ്ട്. അതിവേഗം പറന്നുപോകുന്ന വവ്വാലുകളെ അവയുടെ പുറത്തിറങ്ങുന്ന വഴി തടസപ്പെടുത്തി പിടികൂടാൻ ഒരു പാമ്പ് ശ്രമിച്ചാൽ കഴിയില്ല. പക്ഷെ ഒരുകൂട്ടം പാമ്പുകളാകുമ്പോൾ കൃത്യമായി അതിന് സാധിക്കും. ഇത് ഏറെനാളായുള്ള ശീലത്തിലൂടെ ഈ പാമ്പുകൾ കണ്ടെത്തിയ കാര്യം തന്നെയാണ്. ഇവ തമ്മിൽ സൗഹൃദമില്ല ഇരപിടിക്കാനുള്ള സഹകരണം മാത്രമേ ഉള്ളൂ എന്നതും രസകരമായ കാര്യമാണ്.