വർക്കല താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിക്കും ചികിത്സ വേണം

Tuesday 16 December 2025 3:09 PM IST

ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന്

വർക്കല: വർക്കല താലൂക്കാശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും,​ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന് പരാതി.വർക്കല നഗരസഭയിലെയും സമീപപഞ്ചായത്തുകളിലെയും രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

കാഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരുടെ അപര്യാപ്തത,​ രാത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ വലയ്ക്കുകയാണ്.

ജനറൽ ഒ.പി,ലാബ്,എക്‌സ്റേ,സ്‌കാൻ തുടങ്ങിയ സൗകര്യങ്ങളുള്ളതിനാൽ സാധാരണക്കാർ കൂടുതലായി ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ,രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും എണ്ണം വർദ്ധിപ്പിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

അപകടങ്ങളും അടിയന്തര ചികിത്സ ആവശ്യമായ രോഗങ്ങളും കൈകാര്യം ചെയ്യുന്ന കാഷ്വാലിറ്റിയിലാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. രാത്രിയിൽ പലപ്പോഴും ഒരു ഡോക്ടർ മാത്രമാണ് കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുള്ളത്. ഗുരുതര രോഗങ്ങളുമായി ഒരുപാടുപേർ എത്തിയാൽ,​ ഒരാൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയാറില്ല. അടിയന്തര ചികിത്സയാവശ്യമായ രോഗികൾ, ഡോക്ടറുടെ ശ്രദ്ധ ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായി ബന്ധുക്കൾ പറയുന്നു. പനിയുമായെത്തുന്ന രോഗികളും ദുരിതത്തിലാണ്. ഒടുവിൽ നിവൃത്തിയില്ലാതെ രോഗികൾ സ്വകാര്യാശുപത്രികളിൽ പോവുകയാണ് പതിവ്.

നിത്യേന 600 ഓളം രോഗികളാണ് രാത്രിയിൽ മാത്രം ഇവിടെ ചികിത്സ തേടിയെത്തുന്നത്

വർക്കല താലൂക്ക് ആശുപത്രിയിലെത്തുന്നവർ സമയത്ത് ചികിത്സ കിട്ടാതെ,പലപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പോവുകയാണ്

രോഗികളുടെ ആവശ്യം

കാഷ്വാലിറ്റി വിഭാഗത്തിൽ രാത്രിയിൽ കുറഞ്ഞത് രണ്ട് ഡോക്ടർമാരെങ്കിലും സ്ഥിരമായി നിയോഗിക്കണം

നഴ്‌സുമാരുടെയും അസിസ്റ്റന്റ് സ്റ്റാഫിന്റെയും എണ്ണം വർദ്ധിപ്പിക്കണം

നിലവിലെ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് രോഗികളുടെ ആവശ്യം. നിലവിലുള്ള പരിമിതികളിൽ കഴിയുന്നത്ര മികച്ച സേവനം നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

പ്രതികരണം

രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വർക്കല താലൂക്ക് ആശുപത്രിയിലെ സേവനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണം.

അഡ്വ.ആർ.അനിൽകുമാർ

നഗരസഭ കൗൺസിലർ