മയ്യഴിയുടെ കഥാകാരനെ വളർത്തി, വലുതാക്കി.....
മാഹി: മലയാളത്തിനുമപ്പുറം വളർന്ന മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദനെ സംബന്ധിച്ച് താങ്ങാൻ പറ്റാത്ത ആഘാതമാണ് ജേഷ്ഠസഹോദരനായ രാഘവന്റെ വിയോഗം.ജേഷ്ഠനപ്പുറം പിതാവിനെ പോലെയായിരുന്നു മുകുന്ദന് അദ്ദേഹം. പിതാവിന്റെ വേർപാടിന് ശേഷം പിതൃദുഃഖമറിയാതെ വളർത്തിയതും വലുതാക്കിയതും രാഘവേട്ടനായിരുന്നുവെന്ന് എം.മുകുന്ദൻ എന്നും പറഞ്ഞിരുന്നു.
ശൈശവം തൊട്ടിങ്ങോട്ട് കരുതലുമായി രാഘവേട്ടനുണ്ടായിരുന്നുവെന്ന് എം.മുകുന്ദൻ പറയുന്നു. തന്റെ എല്ലാ വളർച്ചയിലും ആരെക്കാളും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തതും അദ്ദേഹമായിരുന്നുവെന്നും മയ്യഴിയുടെ കഥാകാരൻ പറഞ്ഞു. മയ്യഴിപ്പുഴയുടെ തിരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ തുടങ്ങിയ മുകുന്ദന്റെ മയ്യഴി ഇതിവൃത്തമാക്കിയുള്ള നോവലുകൾ പോലെ, മയ്യഴിയുടെ ചരിത്രവും മിത്തുക്കളും ഇതൾ വിടർത്തുന്ന അതിമനോഹരമായ നോവലുകളാണ് രാഘവേട്ടന്റെ നങ്കീസും ചിതറിയ ചിത്രങ്ങളും. ഫ്രഞ്ച് ഭാഷയുടെ സാംസ്‌ക്കാരിക ഔന്നത്യവുംമയ്യഴിയുടെ പ്രാദേശിക ഭാഷയും കലർപ്പില്ലാതെ മലയാളികൾക്ക് പകർന്നേകിയവരാണ് ഈ അപൂർവ്വ സംഹാദരങ്ങൾ. എഴുതിത്തുടങ്ങുന്നവരെപ്പോലും സമശീർഷരായി കാണുന്ന നന്മയുടെ ഉടമയായിരുന്നു എം.രാഘവൻ. ജീവിത സായന്തനത്തിലും ഞായറാഴ്ചകൾ തോറും മണിയമ്പത്ത് സഹോദരങ്ങൾ വീട്ടുകാരുമൊത്ത് രാഘവേട്ടന്റെ വീട്ടിലെത്തി സ്‌നേഹം പങ്കുവെക്കുന്നതും ഭക്ഷണം കഴിക്കുന്നത് പതിവാണ്. ഉടപ്പിറപ്പുകൾ എന്ന വാക്ക് അന്വർത്ഥമാക്കുന്നതാണ് ഇവരുടെ ജീവിതം.