പൊലീസിനെ കണ്ടതും നാലാം നിലയില്‍ നിന്ന് 21കാരി താഴേക്ക് ചാടി; ശ്രമിച്ചത് ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍

Monday 15 December 2025 9:17 PM IST

ബംഗളൂരു: രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് യുവതി. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. എന്നാല്‍ പരിശോധനയ്ക്കിടെ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ ബെംഗളൂരു നഗരത്തിലാണ് പൊലീസ് റെയ്ഡിനായി എത്തിയത്. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന് അയല്‍വാസികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ബ്രൂക്ക് ഫീല്‍ഡിലെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന യുവതി ബാല്‍ക്കണി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഡ്രെയിനേജ് പൈപ്പിലൂടെ താഴെ ഇറങ്ങാനായിരുന്നു 21വയസ്സുകാരിയായ യുവതിയുടെ ശ്രമം. ഇതിനിടെ നാലാം നിലയില്‍ നിന്ന് യുവതി താഴേക്കു വീഴുകയായിരുന്നു. പരിക്കേറ്റ യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലഹരി പാര്‍ട്ടി നടത്തിയിരുന്ന സംഘത്തില്‍ നിന്ന് കേസ് എടുക്കാതിരിക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടതായും ആരോപണം ഉയരുന്നുണ്ട്.