ജവഹർ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫൈനൽ;  കലാശം കണ്ണൂരിൽ

Monday 15 December 2025 9:26 PM IST

കണ്ണൂർ: ഫുട്‌ബോൾ പ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി സൂപ്പർ ലീഗ് കേരള. സീസണിലെ നിർണായക ഫൈനൽ മത്സരം 19ന് വൈകുന്നേരം 6ന് കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും.ഫൈനലിൽ ആദ്യ സെമിയിൽ വിജയം നേടിയ കണ്ണൂർ വാരിയേഴ്സ് എഫ്.സി രണ്ടാം സെമി ഫൈനലിലെ വിജയികളെ നേരിടും. തിരഞ്ഞെടുപ്പ് കാരണം സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ തീയതി പുനക്രമീകരിച്ചതിനെത്തുടർന്ന് വേദി മാറ്റം അനിവാര്യമായി. ഡിസംബർ 21ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ക്രോസ് റൈസിംഗ് മത്സരങ്ങൾ ഉള്ളതിനാലാണ് ആദ്യം അവിടെ നിശ്ചയിച്ച ഫൈനൽ കണ്ണൂരിലേക്ക് മാറ്റിയത്.

സൂപ്പർ ലീഗ് കേരളയുടെ ഫൈനൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. അനേകം പ്രതിസന്ധികളെ മറികടന്നാണ് ഇത്രയും വലിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കണ്ണൂരിലെ അചഞ്ചലമായ ആരാധക പിന്തുണയാണ് ഇതിന് പ്രചോദനം. ദീർഘകാലത്തിനുശേഷം കണ്ണൂരിലേക്ക് ഫുട്‌ബോൾ ആരവം തിരികെ കൊണ്ടുവരാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇത് കണ്ണൂർ ഫുട്‌ബോളിന് പുതിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു-

ഡോ. എ.പി.ഹസ്സൻകുഞ്ഞി കണ്ണൂർ വാരിയേഴ്സ് ചെയർമാൻ

പ്രതീക്ഷയോടെ റെഡ്മറൈനേഴ്സ്

കണ്ണൂർ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് ഫൈനലിന് അതുവരെ സൂപ്പർ ലീഗ് കേരള കാണാത്ത വിധത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 'ദീർഘകാല കാത്തിരിപ്പിനുശേഷം കണ്ണൂരിന് സ്വന്തമായി പ്രൊഫഷണൽ ക്ലബ് ലഭിച്ചു. ലീഗ് മത്സരങ്ങൾക്ക് പുറമേ ഫൈനലും കണ്ണൂരിലേക്ക് കൊണ്ടുവന്ന മാനേജ്‌മെന്റിനോട് നന്ദി അറിയിക്കുന്നു. ജയമായാലും തോൽവിയായാലും കണ്ണൂർ വാരിയേഴ്സിന്റെ പിന്നിൽ ഞങ്ങളുണ്ടാകും. ഫൈനൽ ഞങ്ങൾക്ക് അഭിമാന പോരാട്ടമാണ്,' റെഡ് മറൈനേഴ്സ് അറിയിച്ചു.