ഇന്ത്യയുടെ രുചിപ്പെരുമ തൊട്ടറിയാനാവുന്നത് ഈ ഏഴു നഗരങ്ങളിൽ, കൊതിയുള്ളവർക്ക് ഇവിടെ എന്തും കിട്ടും
ജോർജ്ജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ 'ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടത്തേക്കാൾ ആത്മാർത്ഥമായ മറ്റൊരു കാര്യവുമില്ലെന്നാണ്'. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് കേവലം വിശപ്പടക്കുക മാത്രമല്ല മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാമായിട്ടുള്ള ഓർമ്മകൾ കൂടി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും രുചിച്ചിരിക്കേണ്ട ചരിത്രത്തിന്റെ ഭാഗമായ ഏഴ് പ്രധാനപ്പെട്ട നഗരങ്ങളെയാണ് സ്ട്രീറ്റ് ഫുഡ് പ്രേമികൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇന്ത്യൻ പാചക സംസ്കാരത്തിന്റെ ഹൃദയമിടിപ്പാണ് ഈ നഗരങ്ങൾ. ഓരോ ഇടങ്ങളും തനതായ രുചികളാൽ സമ്പന്നമാണ്. മുംബയ് ആണ് അതിൽ ഏറ്റവും മുൻ പന്തിയിൽ. തെരുവുകൾക്ക് വിശ്രം നൽകാതെയാണ് ഇവർ പാചകത്തിന് പ്രാധാന്യം നൽകുന്നത്. വടാപാവ്, പാവ് ഭാജി, മിസൽ എന്നിവ നിർബന്ധമായും മുംബയിൽ എത്തുന്നവർ പരീക്ഷിച്ചിരിക്കണം. രണ്ടാമതായി സാമ്രാജ്യത്വ രുചികളുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഡൽഹിയാണ്. ചോളെ ഭട്ടൂര, കബാബ്, പരാത്ത എന്നിവയാണ് ഇവിടെ പ്രസിദ്ധം. അടുത്തതായി ഭക്ഷണത്തിൽ നെയ്യും വെണ്ണയും പ്രധാനമായ അമൃത്സറാണ്. ചോളത്തിനൊപ്പം ചേർത്ത അമൃത്സരി കുൽച്ച, ലസ്സി, സുവർണ്ണക്ഷേത്രത്തിലെ ലങ്കാർ എന്നിവ ഒഴിവാക്കരുത്. മധുരത്തിന്റെയും എരിവിന്റെയും കാവ്യാത്മകമായ സംഗമമാണ് കൊൽക്കത്ത. കത്തി റോൾ, പുച്‌ക, രസഗുള, മിഷ്‌ടി ദോയി എന്നിവ കൊൽക്കത്തയിൽ പ്രശസ്തമാണ്.
അടുത്തതായി ദക്ഷിണേന്ത്യൻ വിഭവങ്ങളാണ്. നമ്മുടെ കേരളത്തിലടക്കം സുലഭമായി ലഭിക്കുന്ന വീടുകളിൽ പാചകം ചെയ്യുന്നവയാണ് ഇനി പറയുന്നവ. ദോശ, ഇഡ്ഡലി, ഫിൽട്ടർ കോഫി, ജിഗർതണ്ട എന്നിവയാണ് പ്രധാന വിഭവങ്ങൾ. എന്നാൽ ദക്ഷിണേന്ത്യൻ രുചികളുടെ നായകനായ ചെന്നൈയിലാണ് ഇതിന്റെ യഥാർത്ഥ രുചി കൂട്ട് നമുക്ക് അറിയാൻ സാധിക്കുന്നത്.
സസ്യാഹാരങ്ങളുടെ അത്ഭുതലോകമാണ് അഹമ്മദാബാദ്. ഢോക്ല, ഖണ്ഡ്വി, ഫഡാഫട് ജിലേബി എന്നിവയാണ് ഇവിടെ പ്രധാനമായും രുചിക്കേണ്ട വിഭവങ്ങൾ. അവസാനമായി രാജകീയ രുചികൾക്ക് പേരുകേട്ട ഹൈദരാബാദാണ്. ഹൈദരാബാദി ബിരിയാണി, ഇറാനി ചായ്, ഹലീം എന്നിവയുടെ പേരിലാണ് ഹൈദരാബാദിന്റെ പ്രധാന രുചിക്കൂട്ടുകളായി അറിയപ്പെടുന്നത്.