മെസിയുടെ വരവും കോലാഹലങ്ങളും

Tuesday 16 December 2025 2:53 AM IST

ഏറെനാളായി ഇന്ത്യ കാത്തിരുന്നതാണ് അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ വരവ്. അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കാൻ അർജന്റീന ടീമിനെയും നയിച്ച് കേരളത്തിലെത്തും എന്നായിരുന്നു ആദ്യ വാർത്തയെങ്കിലും, തയ്യാറെടുപ്പുകളിലെ പാളിച്ചമൂലം അത് മാറ്റിവയ്ക്കേണ്ടിവന്നു. കേരളം തയ്യാറെടുത്ത് തുടങ്ങിയതിനു ശേഷമാണ് കൊൽക്കത്തക്കാരനായ ശതാദ്രു ദത്തയെന്ന കായിക- വിനോദ സംരംഭകൻ മെസിയെ സ്വകാര്യ സന്ദർശനത്തിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തിക്കാൻ പദ്ധതിയിട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബയ്, ന്യൂഡൽഹി നഗരങ്ങളിൽ എത്തിയ മെസി സന്ദർശനം പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. മെസിയെപ്പോലൊരു കായികതാരത്തെ ഒരിക്കലെങ്കിലും നേരിൽകാണുകയെന്നത് ഏത് കായികപ്രേമിയുടേയും ജീവിതാഭിലാഷമാണ്. അതിനാൽത്തന്നെ മെസിയുടെ സന്ദർശനത്തിൽ പങ്കാളികളാകാൻ പതിനായിരങ്ങൾ എത്തുമെന്നത് ഉറപ്പായിരുന്നു. സ്വാഭാവികമായും,

മെസി എത്തിയ ഇടങ്ങളിലെല്ലാം ടിക്കറ്റെടുത്ത് ജനം ജനം തടിച്ചുകൂടി.

ഇതിൽ, കൊൽക്കത്തയിലെ വിഖ്യാതമായ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലമായത് പക്ഷേ ഇന്ത്യയുടെ അഭിമാനത്തിന് കളങ്കമായി മാറി. സംഘാടകരുടെ ആസൂത്രണമില്ലായ്മയും രാഷ്ട്രീയക്കാരുടെ ഇരമ്പിയാർക്കലുമാണ് കൊൽക്കത്തയിൽ കാര്യങ്ങൾ കുളമാക്കിയത്. സമ്പന്നർക്കും വിശിഷ്ടവ്യക്തികൾക്കും മെസിയെ കാണാനും, ഫോട്ടോ എടുക്കാനുമായി സ്വകാര്യചടങ്ങും, പൊതുജനങ്ങൾക്കായി സാൾട്ട്ലേക്കിൽ മറ്റൊരു ചടങ്ങുമാണ് നിശ്ചയിച്ചിരുന്നത്. സ്വകാര്യചടങ്ങിൽ മെസിക്കൊപ്പം പങ്കെടുത്തവർ സാൾട്ട്‌ലേക്കിലേക്കും താരത്തിനൊപ്പം കയറിവന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വൻ തുകയുടെ ടിക്കറ്റെടുത്ത് മണിക്കൂറുകളോളം ഗാലറിയിൽ കാത്തിരുന്നവർക്ക് മെസിയെ കാണാനേ കഴിഞ്ഞില്ല. മെസി തങ്ങൾക്കു നേരെ കൈവീശുന്നതു കാണാൻ കൊതിച്ചവർക്ക് ഗ്രൗണ്ടിൽ നിറഞ്ഞ രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും തിക്കുംതിരക്കും സഹിച്ചില്ല. അവർ പ്രതിഷേധിക്കാൻ തുടങ്ങി.

ഗാലറിയിൽ നിന്ന് കുപ്പികളും മറ്റും ഗ്രൗണ്ടിലേക്ക് എറിഞ്ഞു. സംഗതി പന്തിയല്ലെന്നുകണ്ട് സംഘാടകർ മെസിയെ വേഗം അവിടെ നിന്നുമാറ്റി. ഇതോടെ കുപിതരായവർ ഗാലറിയിൽ നിന്ന് കസേരകൾ ഇളക്കിയെട‌ുത്ത് വലിച്ചെറിഞ്ഞു. ഭാഗ്യത്തിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ ആഘോഷങ്ങൾക്ക് ഇടയിലുണ്ടായതുപോലൊരു ദുരന്തമുണ്ടായില്ല! സ്പോർട്സിനോട് ബംഗാളുകാർക്കുള്ള അഭിനിവേശം പരിധികടന്നാൽ അപകടകരമാകുമെന്ന് പലതവണ കണ്ടിട്ടുള്ളതാണ്. 1996 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സെമിഫൈനൽ നിറുത്തിവയ്ക്കേണ്ടിവന്നതും മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഫുട്ബാൾ മത്സരങ്ങൾ തെരുവുയുദ്ധത്തിൽ കലാശിച്ചതും മറക്കാനാവില്ല. ആ സാഹചര്യം മുന്നിൽകണ്ടുള്ള തയ്യാറെടുപ്പുകൾ കൊൽക്കത്തയിൽ നടത്തിയിരുന്നില്ലെന്നതിന്റെ തെളിവാണ് ഈ കോലാഹലങ്ങൾ. ഒടുവിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മാപ്പുപറയേണ്ടിവന്നു. മുഖ്യസംഘാടകനായ ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി.

കൊൽക്കത്തയിലുണ്ടായ സുരക്ഷാവീഴ്ചകൾ, പിന്നീട് പരിപാടി നടന്ന ഹൈദരാബാദിലും മുംബയിലും ഡൽഹിയിലും ആവർത്തിക്കാതിരുന്നത് ഭാഗ്യമായി. ഹൈദരാബാദിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസിക്കൊപ്പമുണ്ടായിരുന്നു. കുരുന്ന്ഫുട്ബാൾ താരങ്ങൾക്ക് മെസിക്കൊപ്പം ഫോട്ടോയെടുക്കാൻ സ്വയം പിന്നിലേക്കു മാറിയ രാഹുലും, മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ തങ്ങളുടെ അവസരം വരുന്നതുവരെ ഗാലറിയിൽ കാത്തിരുന്ന സച്ചിൻ ടെൻഡുൽക്കറും മുഖ്യമന്ത്രി ഫഡ്നാവിസുമൊക്കെ കാട്ടിയ മാതൃകയാണ് അവിടെ മംഗളമായി കാര്യങ്ങൾ പര്യവസാനിക്കാൻ വഴിയൊരുക്കിയത്. മെസിയുടെ കേരളത്തിലേക്കുള്ള വരവ് ഇനിയും ഉപേക്ഷിച്ചിട്ടില്ല. അർജന്റീന ടീമിന് അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ലഭ്യമാകുന്ന അടുത്ത അവസരത്തിൽ കേരളത്തിന് നറുക്കു വീഴുമെന്നാണ് പ്രതീക്ഷ. അപ്പോൾ ഏതുരീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നതിന് വലിയൊരു പാഠമാണ് കൊൽക്കത്ത പകർന്നുതന്നിരിക്കുന്നത്. മെസിയെപ്പോലൊരു താരത്തെ വിഷമിപ്പിക്കാതെ നമ്മുടെ നാട്ടിൽ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളിൽ ഒരു വീഴ്ചയും പാടില്ല.